പീഢനത്തിനിരയായെന്ന മുന്‍ മൊഴിയിലുറച്ചാണ് യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. പരാതി വൈകിയ കാരണവും ക്രിമിനല്‍ നിയമനടപടി ചട്ടം 164 പ്രകാരമുള്ള മൊഴിയില്‍ സാമ്പത്തികാരോപണം മാത്രം പറഞ്ഞ സാഹചര്യവും വിശദീകരിച്ചു. മടങ്ങിയെത്തിയ അന്വേഷണ സംഘം ഇപ്പോഴത്തെ മൊഴിയും മുന്‍ നിലപാടുകളും പരിശോധിക്കും.കോടതിയിലെ രഹസ്യമൊഴിയിലുള്ള വൈരുധ്യം മറികടക്കാനുള്ള നിയമ സാധ്യത പരിശോധിക്കും.

തുടര്‍ന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യക്ക് ആദ്യ പ്രതിവാര റിപ്പോര്‍ട്ട് നല്‍കും. പിന്നീടാവും ജയന്തന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുക. അതേ സമയം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ കേന്ദ്ര വനിത കമ്മീഷന് വിശദീകരണം നല്‍കും. മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പി ബാബുരാജ് മൂന്ന് ദിവസം കൂടി സാവകാശം തേടി. വിശദമായ അന്വേഷണത്തിന് ശേഷമാകും റിപ്പോര്‍ട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് സമര്‍പ്പിക്കുന്നത്. സി.പി.എം അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് ഇന്ന് തൃശൂര്‍ ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.