കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇത്തവണയും ദിലീപിന് ജാമ്യം ലഭിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ രണ്ടാം ജാമ്യാപേക്ഷയെ എതിര്‍ത്ത് ശക്തമായ എതിര്‍സത്യവാങ്മൂലമാണ് പൊലീസ് തയ്യാറാക്കുന്നത്. പോലീസിനെ പ്രതികൂട്ടിലാക്കാന്‍ ലക്ഷ്യമിട്ട് ദിലീപ്‌ ഉയര്‍ത്തിയ വാദങ്ങള്‍ പൂര്‍ണ്ണമായി നിഷേധിക്കുന്നതാവും, കേസ് ഇനി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം.

കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ ജയിലില്‍ നിന്ന് എഴുതിയ കത്ത് സംബന്ധിച്ച് അന്നു തന്നെ ഡി.ജി.പിക്ക് വാട്സ്ആപ് വഴി പരാതി നല്‍കിയെന്നും രണ്ട് ദിവസം കഴിഞ്ഞ് നേരിട്ട് പരാതി നല്‍കിയെന്നുമാണ് ദിലീപിന്റെ വാദം. എന്നാല്‍ വാട്‌സ്‌‍ആപിലൂടെ നല്‍കിയ പരാതി നിയമപരമല്ലെന്നും സംഭവത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ ദിലീപ്‌ സംശയത്തിന്റെ നിഴലിലായിരുന്നുവെന്നും പോലീസ്‌ ഹൈക്കോടതിയെ അറിയിക്കും. മാര്‍ച്ച്‌ 28ന് പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയിട്ടും ലീപ്‌ ഇതു സംബന്ധിച്ച്‌ ഡി.ജി.പിക്ക് പരാതി നല്‍കിയത്‌ ഏപ്രില്‍ 22 നുമാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഭീഷണിയുണ്ടായിട്ട്‌ 26 ദിവസം കഴിഞ്ഞാണ്‌ ദിലീപ്‌ ഡി.ജി.പിക്കു പരാതി നല്‍കിയത്‌. ഭീഷണിയുണ്ടായിരുന്നെങ്കില്‍ ഉടനടി പോലീസിനെ അറിയിക്കാതെ ഇത്രയും നാള്‍ എന്തിനു കാത്തിരുന്നുവെന്നാണ്‌ പോലീസിന്റെ ചോദ്യം. 

കേസിലെ ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാന്‍ പര്യാപ്‌തമായ യാതൊരു തെളിവും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാണു ദിലീപ്‌ പുതിയ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്‌. ജാമ്യഹര്‍ജി 18 നാണ് കോടതി ഇനി പരിഗണിക്കുന്നത്. നേരത്തേ, വിചാരണ കോടതിയായ അങ്കമാലി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയും പിന്നീട്‌ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു.