അമിതമായി മദ്യപിച്ച യാത്രക്കാരി വീണ്ടും ഒരു ബോട്ടില്‍ വെെന്‍ ചോദിച്ചതോടെയാണ് വിഷയം തുടങ്ങിയത്. യാത്രക്കാരിയുടെ അപ്പോഴത്തെ അവസ്ഥ പെെലറ്റിനോട് വിശദീകരിച്ച ശേഷം ഇനി മദ്യം നല്‍കാനാവില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചു

ദില്ലി: കൂടുതല്‍ മദ്യം കൊടുക്കാത്തതിന്‍റെ പേരില്‍ വിമാനയാത്രയ്ക്കിടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് യാത്രക്കാരി തുപ്പി. ശനിയാഴ്ച മുംബെെയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് ഐറിഷ് വനിതയാണ് മദ്യപിച്ച് ലക്കുകെട്ട് ജീവനക്കാരനെ അസഭ്യം പറയുകയും മുഖത്ത് തുപ്പുകയും ചെയ്തത്.

ജീവനക്കാരനോട് മോശമായി പെരുമാറുന്ന യാത്രക്കാരിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വെെറലായിരിക്കുകയാണ്. അമിതമായി മദ്യപിച്ച യാത്രക്കാരി വീണ്ടും ഒരു ബോട്ടില്‍ വെെന്‍ ചോദിച്ചതോടെയാണ് വിഷയം തുടങ്ങിയത്. യാത്രക്കാരിയുടെ അപ്പോഴത്തെ അവസ്ഥ പെെലറ്റിനോട് വിശദീകരിച്ച ശേഷം ഇനി മദ്യം നല്‍കാനാവില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചു.

മദ്യം നല്‍കില്ലെന്ന് പറഞ്ഞതോടെ യാത്രക്കാരി ജീവനക്കാരനോട് ദേഷ്യപ്പെടാന്‍ തുടങ്ങി. രാജ്യാന്തര പ്രശസ്തയായ ക്രിമിനല്‍ അഭിഭാഷകയാണ് താന്‍. നിങ്ങളാണോ ഈ വിമാനത്തിന്‍റെ ക്യാപ്റ്റന്‍? ബിസിനസ് ക്ലാസിലുള്ള യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും അവര്‍ ചോദിച്ചു.

നികൃഷ്ടരായ നിങ്ങളെ പോലെയുള്ളവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഏഷ്യക്കാര്‍ക്കും രോഹിന്‍ഗ്യക്കാര്‍ക്കും വേണ്ടിയെല്ലാം ജോലി ചെയ്യുന്നയാളാണ് താനെന്നും പറയുന്ന അഭിഭാഷക ജീവനക്കാരന്‍റെ മുഖത്ത് തുപ്പുകയായിരുന്നു. ഇത്രയും പറഞ്ഞ ശേഷവും ജീവനക്കാര്‍ യാത്രക്കാരിയോട് ഒരുതരത്തിലും മോശമായി പെരുമാറിയില്ല. ഹീത്രുവില്‍ വിമാനമിറങ്ങിയപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്തു. 

Scroll to load tweet…