ദില്ലി: ജഡ്ജിമാരുടെ അസാധാരണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ തർക്കങ്ങൾക്ക് നാളെ പരിഹാരം കണ്ടേക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. വാർത്താസമ്മേളനം ഒഴിവാക്കേണ്ടിയിരുന്നെന്നും അറ്റോർണി ജനറൽ പറഞ്ഞു. ചീഫ് ജസ്റ്റിസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി . പ്രകോപനത്തിലേക്ക് പോകരുതെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറ്റോര്‍ണി ജനറലിനോടൊപ്പം ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം പിന്‍മാറിയിരുന്നു. നാല് ജഡ്ജിമാരുടെ നടപടി ഭരണഘടന ബെഞ്ച് പരിശോധിക്കാനുള്ള നീക്കവും ചീഫ് ജസ്റ്റിസ് പിന്നീട് ഉപേക്ഷിച്ചു. ദൂതന്‍മാര്‍ മുഖേന ജഡ്ജുമാരുമായി സമവായ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ തര്‍ക്കങ്ങള്‍ സമവായത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നാളെയോടെ ജഡ്ജിമാരുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി അനുനയിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത അത്യപൂര്‍വ സംഭവവികാസങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്. നാല് കോടതികള്‍ നിര്‍ത്തി വച്ച് നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വന്ന് മാധ്യമങ്ങളെ കണ്ടു. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. 

രാജ്യ താല്‍പര്യം നീതി പൂര്‍വ്വം നടത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉണ്ടെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ തുറന്നടിച്ചു. സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തില്‍ അത്യാവശ്യമാണ്, സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ജഡ്ജിമാരെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഞങ്ങള്‍ ആത്മാവിനെ വിറ്റുവെന്ന് നാളെ ജ്ഞാനികള്‍ കുറ്റപ്പെടുത്തരുത്. ചീഫ് ജസ്റ്റിസ് തുല്യരില്‍ ഒരാള്‍ മാത്രമാണ്. അദ്ദേഹത്തിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്. കേസുകള്‍ ജഡ്ജിമാര്‍ക്ക് വീതിച്ച് നല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ഇത് സുപ്രിം കോടതിയുടെ ആത്മാര്‍ത്ഥതയെ ഇല്ലാതാക്കി.

ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിഷേധമെന്നത് വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യമേറ്റുന്നതാണ്. ഗുജറാത്തിലെ സൊഹ്റാബുദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു. വിഷയത്തെക്കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് ആയില്ല. അതുകൊണ്ട് മാധ്യമങ്ങളെ കാണാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

എന്നാല്‍ ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എണ്ണിപ്പറയാന്‍ ജഡ്ജിമാര്‍ തയ്യാറായില്ല. സുതാര്യതയില്ലെങ്കില്‍ ജനാതിപത്യം തകരും. നീതിന്യായ വ്യവസ്ഥയുടെ മഹത്വമുയര്‍ത്താനാണ് തങ്ങളുടെ പ്രതിഷേധം. തങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് നാളെ ചരിത്രം പറയരുത്. രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ പ്രതികരിച്ചു.