ഐഎസിന്റെ അവശേഷിച്ച ശക്തികേന്ദ്രമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന ആക്രമണം ശക്തമാക്കിയതോടെയാണ് പിന്‍വാങ്ങാനുള്ള നീക്കം അവര്‍ സജീവമാക്കിയിരിക്കുന്നത്. പ്രദേശത്തെ ഭീകരരോടു ചാവേറാക്രമണത്തിന് മുതിരാനോ പലായനം ചെയ്യാനോ ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി. ഇറാഖിലേക്കോ സിറിയയിലേക്കോ പിന്‍വാങ്ങി ഒളിത്താവളങ്ങളിലേക്ക് നീങ്ങാനാണ് ബാഗ്ദാദിയുടെ ആഹ്വാനം. ബാഗ്ദാദി നടത്തിയത് വിടവാങ്ങല്‍ പ്രസംഗമാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊസൂള്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞ മാസം 19 മുതല്‍ ശക്തമായ മുന്നേറ്റം നടത്തുന്ന സേന ഒരു ഭാഗം പിടിച്ചെടുക്കുന്നതില്‍ നേരത്തെ വിജയിച്ചിരുന്നു. ഇതിനൊപ്പം സിറിയയിലെ പുരാതന നഗരമായ പാല്‍മൈറയില്‍ നിന്നും ഐഎസ് പിന്മാറാന്‍ ആരംഭിച്ചു. ഏറ്റമുട്ടല്‍ നേരിടാനാകാതെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും ഐഎസ് പിന്‍വാങ്ങിയെങ്കിലും പ്രവേശന കവാടങ്ങളില്‍ ഭീകരര്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ സൈന്യത്തിന് ഇതുവരെ നഗരത്തിലേക്ക് മുന്നേറാനായിട്ടില്ല. ഇരുരാജ്യങ്ങളില്‍ നിന്നും പിന്മാറേണ്ടി വന്നത് മറികടക്കാനായി പാക്ക് അഫ്ഗാന്‍ അതിര്‍ത്തികളിലേക്ക് ശക്തി കേന്ദ്രീകരിക്കാനാണ് ഐഎസ് നീക്കം. ഇവിടെ സംഘത്തിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ത്താനും സമീപപ്രദേശങ്ങളില്‍ ആക്രമണം ശക്തമാക്കാനുമാണ് തീരുമാനം. പാക്കിസ്ഥാനില്‍ അടുത്തിടെ നടന്ന ചില ആക്രമണങ്ങളുടെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തത് ഇതിലേക്കുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം താരതമ്യേന സുരക്ഷിതം എന്ന് കരുതിയിരുന്ന ചൈനയ്ക്ക് നേരെയും ഐഎസ് തിരിഞ്ഞിട്ടുണ്ട്. ചൈനയിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ ഉയ്ഗൂര്‍ വിഘടനവാദികള്‍ രാജ്യത്ത് രക്തപ്പുഴയൊരുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുര്‍ന്ന് സിന്‍ജിയാംഗ് മേഖലയില്‍ ചൈന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.