ഇന്റര്‍നെറ്റ് വഴിയുള്ള നിരവധി കുറ്റ കൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2014 ല്‍ മാത്രം ഖത്തറില്‍ 2000 ഓളം സൈബര്‍ ആക്രമണങ്ങള്‍ നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതി നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് പരമ്പരാഗത രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളെ എളുപ്പത്തില്‍ തകര്‍ക്കാനാവുന്നതായാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏപ്രിലില്‍ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഖത്തര്‍ നാഷണല്‍ ബാങ്ക് സൈബര്‍ ആക്രമണത്തിന് വിധേയമാവുകയും ഒന്നര ജീ.ബിയോളം വരുന്ന വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും ചെയ്തിരുന്നു.
സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'ഫയര്‍ ഐ' എന്ന സംഘടനയുടെ കണക്കു പ്രകാരം ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന അറബ് രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യക്കും തുര്‍ക്കിക്കും തൊട്ടു പിറകിലാണ് ഖത്തറിന്റെ സ്ഥാനം. മേഖലയില്‍ നടക്കുന്ന സുന്നി ഷിയാ പോരാട്ടങ്ങളുടെ തുടര്‍ച്ചയായാണ് പലരും ഖത്തറിന് മേലുള്ള ഇത്തരം സൈബര്‍ ആക്രമണങ്ങളെ വിലയിരുത്തുന്നത്. എന്നാല്‍ ഇത്തരം സൈബര്‍ ആക്രമണത്തിനുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ആണ് ഖത്തര്‍ ഈ രംഗത്തു നടപ്പാക്കുന്നത്. സ്ഥാപനങ്ങള്‍ തങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കി വെക്കണമെന്നും അല്ലാത്ത പക്ഷം വലിയ വിലകൊടുക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
