ശമ്പളവിതരണം മുടക്കാന്‍ ഗതാഗതസെക്രട്ടറി വിചിത്രമായ ഉത്തരവിറക്കിയെന്നാരോപിച്ച് എം.ഡി. ഗതാഗതമന്ത്രിക്ക് കത്ത് നല്‍കി.
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ പ്രതിസന്ധി രൂക്ഷമാക്കി എം.ഡി.യും ഗതാഗത സെക്രട്ടറിയും നേര്‍ക്കുനേര്‍ രംഗത്ത്. ശമ്പളവിതരണം മുടക്കാന്‍ ഗതാഗതസെക്രട്ടറി വിചിത്രമായ ഉത്തരവിറക്കിയെന്നാരോപിച്ച് എം.ഡി. ഗതാഗതമന്ത്രിക്ക് കത്ത് നല്‍കി. എന്നാല്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ഗതാഗതസെക്രട്ടറി. ഉത്തരവുകളുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി
കഴിഞ്ഞ മൂന്ന് മാസമായി കെ.എസ്.ആര്‍.ടിസി. ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ കൊടുക്കുന്നുണ്ട്. ശമ്പളം മുടങ്ങാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്നും 20 കോടി രൂപ അനുവദിക്കുന്നുമുണ്ട്. ഇത്തവണ ജൂലെ 28ന് ധവനകുപ്പ് പണം അനുവദിച്ചു. ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ പണം കൈമാറാനുള്ള ഉത്തരവ് നല്‍കിയില്ല.
ബാങ്കുകളില്‍ നിന്ന് ഓവഡ്രാഫ്രറ്റ് എടുത്ത് എം.ഡി ജൂലൈ 31ന് തന്നെ ശമ്പളം വിതരണം ചെയ്തു. എന്നാല്‍ ഓഗസ്റ്റ് 1 ന് ഗതാഗത സെക്രട്ടറി പുതിയ ഉത്തരവിറക്കി. സര്‍ക്കാര്‍ അനുവദിച്ച 20 കോടി റിലീസ് ചെയ്യുന്നതിന് കെ.ടി.ഡി.എഫ്.സി.യില്‍ നിന്ന് എടുത്തിട്ടുള്ള വായപയുടെ പലിശ അടച്ചുതീര്‍ക്കണം എന്നായിരുന്നു ഉത്തരവ്.
എന്നാൽ ശമ്പളത്തിന് അനുവദിച്ച തുകയില്‍ നിന്ന് കെടിഡിഎഫ്സിക്ക് പലിശ വകമാറ്റി നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് എം.ഡി.ടോമിന്‍ തച്ചങ്കരിയുടെ നിലപാട്. എന്നാല്‍ കെടിഡിഎഫ്സിയുടെ കുടശ്ശിക നല്‍കണമെന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശമാണെന്നും ജൂലൈ 13 ന് തന്നെ കെ.എസ്.ആര്‍,.ടിസിയെ അത് അറിയിച്ചിരുന്നതാണെന്നും ഗതാഗത സെക്രട്ടറി വിശദീകരിക്കുന്നു.
കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്ത് ജീവനക്കാരെ വിശ്വാസത്തിലെടുക്കാനാണ് തച്ചങ്കരിയുടെ ശ്രമം. പരിഷ്കരണ നടപടികള്‍ക്കെതിരെ സംയുക്ത് ട്രേഡ് യൂണിയനുകള്‍ ഈ മാസം 7ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യങ്ങൾ കൂടുതൽ സങ്കീർണമായി മാറുമ്പോൾ തച്ചങ്കരിയെ ഇതുവരെ പിന്തുണച്ച മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി ശ്രദ്ധേയം.
