എല്ലാ സഹായവും എത്തിച്ചെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അവശ്യ സാധനങ്ങൾക്കായി നെട്ടോട്ടമോടുകയാണ് കുട്ടനാട്ടിലെ ജനങ്ങൾ

ആലപ്പുഴ: മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് രണ്ടടി കുറഞ്ഞു. എന്നാൽ ജനജീവിതം സാധാരണ നിലയിലായിട്ടില്ല. ദുരിതബാധിത മേഖലകളിൽ എല്ലാ സഹായവും എത്തിച്ചെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അവശ്യ സാധനങ്ങൾക്കായി നെട്ടോട്ടമോടുകയാണ് കുട്ടനാട്ടിലെ ജനങ്ങൾ. ആയിരക്കണക്കിന് പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. 

സൗജന്യ റേഷനും അവശ്യസാധനങ്ങളും കിട്ടുന്നില്ലെന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ പറയുന്നു. സാധനങ്ങൾ വിതരണം ചെയ്യുന്നത് ആലപ്പുഴ നഗരത്തിലെ കേന്ദ്രത്തിൽ മാത്രമാണെന്നും ഇവര്‍ ആരോപിക്കുന്നു. ക്യാമ്പുകളിൽ സാധനങ്ങള്‍ എത്തിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ലെന്നാണ് ആരോപണം. 

ക്യാമ്പുകളിലുള്ളവർ ബില്ലുമായി കേന്ദ്രത്തിലെത്തി സാധനങ്ങൾ വാങ്ങേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളത്. വിതരണകേന്ദ്രത്തിലെത്താൻ പോലും വെള്ളക്കെട്ട് മൂലം സൗകര്യമില്ലാത്ത അവസ്ഥയിലാണ് ദുരിതബാധിതർ. കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അതേസമയം കോട്ടയത്ത് വീണ്ടും മഴ പെയ്തത് ആശങ്ക കൂട്ടുന്നു.