പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. വരുമാനത്തിനനുസരിച്ചുള്ള നികുതിയടക്കാതെ വെട്ടിപ്പ് നടത്തുന്നുവെന്ന പരാതിയിലാണ് ആദായ നികുതി വകുപ്പ് കോഴിക്കോട് യൂണിറ്റിന്‍റെ അന്വേഷണം. പത്ത് വര്‍ഷമായി നികുതിയടക്കുന്നില്ലെന്ന പരാതിയിലാണ് അന്വേഷണം. വരുമാന സ്രോതസുകള്‍ നിരവധിയുണ്ടെങ്കിലും അതെല്ലാം ആദായ നികുതി വകുപ്പില്‍ നിന്ന് മറച്ച് വച്ചിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
എംഎല്‍എയുടെ ഉടമസ്ഥതയില്‍ കക്കാടംപൊയിലിലും, മഞ്ചേരിയിലുമായുള്ളത് രണ്ട് വാട്ടര്‍തീം പാര്‍ക്കുകള്‍, മഞ്ചേരിയില്‍ വില്ല പ്രോജക്ട്, മഞ്ചേരിയില്‍ തന്നെ ഇന്‍റ്ര്‍ നാഷണല്‍ സ്കൂള്‍ തുടങ്ങി വരുമാനമാര്‍ഗങ്ങള്‍ പരാതിയില്‍ എണ്ണമിടുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പ്രകാരം 207 ഏക്കറോളം ഭൂമി എംഎല്‍എയുടെ ഉടമസ്ഥതയിലുണ്ട്. പാരമ്പര്യമായി കിട്ടിയ സ്വത്തല്ലെന്നും വ്യക്തമാക്കുന്നു. വരുമാനമില്ലെങ്കില്‍ ഭൂമി എങ്ങനെ എംഎല്‍എ വാങ്ങിക്കൂട്ടിയെന്ന ചോദ്യം പ്രസക്തമാണ്.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നികുതി അടവ് സംബന്ധിച്ച വിവരങ്ങളില്‍ പ്രതിവര്‍ഷം നാല് ലക്ഷം രൂപയേ വരുമാനമുള്ളൂവെന്നും എംഎല്‍എ അവകാശപ്പെടുന്നു. അതില്‍ നിന്ന് തന്നെ നികുതി അടക്കുന്നില്ലെന്നതിന് കൂടുതല്‍ സ്ഥിരീകരണമാവുകയാണ്. കേരള നിയമസഭയില്‍ ഏറ്റവുമധികം ആസ്തിയുള്ള എംഎല്‍എമാരില്‍ ഒരാള്‍ കൂടിയാണ് പി വി അന്‍വര്‍. കക്കാടംപൊയിലിലെ പാര്‍ക്കിനായി ഭൂമി വാങ്ങിക്കൂട്ടിയതിലും ക്രമക്കേട് നടന്നിട്ടുണ്ട്.
25 ലക്ഷത്തില്‍പരം രൂപയുടെ ഇടപാടില്‍ എംഎല്‍എയുടെ ബിസിനസ് പാര്‍ട്ണര്‍ കൂടിയായ രണ്ടാം ഭാര്യയുടെ പാന്‍കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ മറച്ചുവച്ചിരിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എംഎല്‍എയുടെ നിയമലംഘനങ്ങള്‍ക്കെതിരായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മുരുകേഷ് നരേന്ദ്രനാണ് ആദായനികുതി വകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ പരാതിയിലാണ് കോഴിക്കോട് യൂണിറ്റ് നടപടികള്‍ തുടങ്ങിയിരിക്കുന്നത്.
