കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ആദായ നികുതി ഉദ്യോഗസ്ഥന്‍ എസ് ദിനേശിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് നിക്ഷേപങ്ങളുടെ രേഖകള്‍ കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ബാങ്ക് നിക്ഷേപങ്ങളെല്ലാം നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ആശുപത്രി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എസ് ദിനേശിനെ സിബിഐ അറസ്റ്റ് ചെയ്തത്.
മുവാറ്റുപുഴയിലെ സബൈന്‍ ആശുപത്രി ഉടമ ഡോക്ടര്‍ സബൈനില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് എസ് ദിനേശനെ പിടികൂടിയത്. ആശുപത്രിയില്‍ പരിശോധനക്കെത്തിയ ദിനേശന്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കോടികളുടെ നഷ്‌ടം ഉണ്ടാക്കും വിധം കേസെടുക്കുമെന്നായിരുന്നു ഭീഷണി.
തുടര്‍ന്ന് ഇക്കാര്യം സിബിഐ.യെ അറിയിച്ചു. പിന്നീട് പണം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയും പണം കൈമാറുന്ന സമയത്ത് സിബിഐ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ പ്രവര്‍ത്തികുന്നവരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ആദായ നികുതി വകുപ്പിലെ മറ്റ് ചില ഉദ്യോഗസ്ഥരെക്കുറിച്ചും സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.
