മിലാന്‍: അഗസ്റ്റ വെസ്റ്റലാന്‍ഡ് ഹെലികോപ്റ്റര്‍ അഴമതിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയുടെ വാദങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഹൈക്കോടതിക്ക് തത്തുല്യമായ മിലാനിലെ കോര്‍ട്ട് ഓഫ് അപ്പീല്‍സിന്റെ വിധി.3565 കോടിയുടെ വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നതായി കോടതി വ്യക്തമാക്കി. കേസില്‍ ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക കമ്പനിയുടെ മുന്‍ മേധാവി ഗിയുസെപ്പെ ഓര്‍സിയെ നാലരവര്‍ഷത്തെ തടവിനും, ഫിന്‍മെക്കാനിക്കയുടെ അനുബന്ധ സ്ഥാപനമായ അഗസ്ത വെസ്റ്റ് ലാന്റിന്‍റെ മുന്‍ ചെയര്‍മാന്‍ ബ്രൂണോ സ്പാഗ്‌നോലിനിയെയും നാലരവര്‍ഷത്തെ തടവിനും മിലാനിലെ അപ്പീല്‍ കോടതി ശിക്ഷിച്ചു. 

കീഴ്‌ക്കോടതിയില്‍ നടന്ന ആദ്യ വിചാരണയില്‍ അഴിമതി കുറ്റത്തില്‍ നിന്ന് ഓര്‍സിയെയും സ്പഗ്‌നോലിനിയെയും ഒഴിവാക്കിയിരുന്നു. വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് ഉറപ്പിക്കുന്നതിന് 360 കോടി കോഴ നല്‍കിയെന്നായിരുന്നു കേസ്. ഇതെത്തുടര്‍ന്ന് 2013ല്‍ വിവാദ കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.ഇറ്റലിയില്‍ ഉപരി കോടതികള്‍ വരെ വിധി പ്രസ്താവിച്ചിട്ടും. ഇന്ത്യയില്‍ കേസ്സുമായി ബന്ധപ്പെട്ട് വിചാരണ പോലും തുടങ്ങിയിട്ടില്ല. 

ആരോപണ വിധേയരായ വ്യോമസേനാ മുന്‍ മേധാവി എസ്പി ത്യാഗിക്കും അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കള്‍ക്കും എതിരെ 2013 മാര്‍ച്ച് 13നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് മിലാനിലെ അപ്പീല്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണം ഇന്ത്യയില്‍ ഏങ്ങുമെത്തിയിട്ടില്ല.