ഹൈദരാബാദില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്നു ഓലി. ഫ്ളൈറ്റ് 9 മണിക്കൂർ വൈകിയതിനെ തുടർന്ന് ഹെല്‍പ് ഡെസ്കുമായി ബന്ധപ്പെടുകയായിരുന്നു. 

ഹൈദരാബാദ്: എയര്‍ ഇന്ത്യയിലെ താല്‍ക്കാലിക ജീവനക്കാരിക്കെതിരെ പരാതിയുമായി ഇറ്റാലിയന്‍ ഡി.ജെ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഓലി എസ് ഇന്ത്യയില്‍ വച്ച് താന്‍ അപമാനിക്കപ്പെട്ടതായും കയ്യേറ്റം നേരിടേണ്ടി വന്നതായും പരാതിപ്പെട്ടത്. 

കഴിഞ്ഞ ഏപ്രില്‍ 19ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നതെന്നാണ് ഇവര്‍ പറയുന്നത്. എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു ഓലി. ഫ്‌ളൈറ്റ് 9 മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് ഇവര്‍ എയര്‍ ഇന്ത്യ കൗണ്ടറില്‍ ചെന്ന് അന്വേഷിച്ചു. 

'ഹെല്‍പ് ഡെസ്‌കിലുണ്ടായിരുന്ന ജീവനക്കാരി വളരെ മോശമായാണ് എന്നോട് പെരുമാറിയത്. വാക്കേറ്റത്തിനൊടുവില്‍ അവരെന്നെ അടിച്ചു. എനിക്ക് പൊലീസില്‍ പരാതി നല്‍കണമെന്നുണ്ടായിരുന്നു. എന്നാല്‍ അവിടെയെങ്ങും പൊലീസുകാരുണ്ടായിരുന്നില്ല.'- സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഓലി പറഞ്ഞു. 


അതേസമയം ഓലിയുടെ പരാതി വ്യാജമാണെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു. കൗണ്ടറില്‍ ഉണ്ടായിരുന്നത് എയര്‍ ഇന്ത്യയുടെ സ്റ്റാഫ് അല്ലെന്നും അവര്‍ ഓലിയെ അടിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു. വീഡിയോയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.