കോഴിക്കോട്: മുസ്ലീം , ദളിത് വിഭാഗങ്ങൾക്ക് നേരെ  നടക്കുന്ന  പീഡനങ്ങൾക്ക് എതിരെ  രാജ്യ വ്യാപകമായി മുസ്ലീം ലീഗ് നടത്തുന്ന ക്യാംപെയ്ന്‍റെ ഭാഗമായി  കോഴിക്കോട് ബഹുജന റാലി നടന്നു. ഹരിയാനയിൽ  അക്രമി സംഘം കൊലപെടുത്തിയ ജുനൈദിന്‍റെ സഹോദരനും സുഹൃത്തും  റാലിയിൽ പങ്കെടുത്തു. കേരളത്തിന്‍റെ മതേതര മുഖം രാജ്യത്തിനൊട്ടാകെ  മാതൃകയാണെന്ന് ജുനൈദിന്‍റെ  സുഹൃത്ത് പറഞ്ഞു.

രാജ്യത്തൊട്ടാകെ ദളിത് മുസ്ലീം വിഭാഗത്തിൽപെടുന്നവരെ ഒറ്റപെടുത്തി അക്രമിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ബഹുജന റാലി ഉദ്ഘാടനം ചെയ്ത  മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരരലി ശിഹാബ് തങ്ങൾ പറഞ്ഞു.അക്രമങ്ങൾക്കെതിരെ    വിവിധ കക്ഷികൾക്കൊപ്പം  ചേർന്ന് മുസ്ലീം ലീഗ്  പോരാടും .  

ഹരിയാനയിലെ വല്ലഭ്ഗഡിൽ  അക്രമി സംഘം ട്രെയിനിൽ വച്ച് ക്രൂരമായി കൊലപെടുത്തിയ ജുനൈദിന്‍റെ സഹോദരൻ  മുഹമ്മദ് ഹാഷിമും  സുഹൃത്ത് മുഹമ്മദ്  അസ്ഹറുദ്ദീനും  സമ്മേളനത്തിൽ പങ്കെടുത്തു. ജുനൈദ് അക്രമിക്കപ്പെട്ട ട്രെയിൻ നിർത്തിയില്ലായിരുന്നുവെങ്കിൽ  മുഹമ്മദ് ഹാഷിമിനെയും അക്രമികൾ കൊലപെടുത്തുമായിരുന്നുവെന്ന് അസ്ഹറുദ്ദീൻ പറഞ്ഞു.

പ്രധാനമന്ത്രി  അക്രമങ്ങളെ  അപലപിച്ചതുകൊണ്ട് കാര്യമില്ലെന്നും അക്രമം അവസാനിപ്പിക്കാനുള്ള സന്ദേശം താഴെ  തട്ടിലുള്ള സംഘനകളിലെത്തിക്കണമെന്നും അസ്ഹറുദ്ദീൻ വ്യക്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഇടി മുഹമ്മദ് ബഷീർ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.