കോഴിക്കോട്: ധാക്ക ഭീകരാക്രമണത്തില്‍ ഇസ്ലാം മതപ്രഭാഷകന്‍ സാകിര്‍ നായിക്കിനെ സര്‍ക്കാര്‍ അകാരണമായി വേട്ടയാടുകയാണെന്ന ആരോപണവുമായി മുസ്ലീംലീഗ്. അഭിപ്രായസ്വാതന്ത്ര്യത്തിനും മതപ്രചാരണത്തിനുള്ള അവകാശത്തിനുമെതിരെയുള്ള നീക്കമാണിതെന്നും മുസ്ലീംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയോഗത്തിന് ശേഷമാണ് മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ സാക്കിര്‍ നായിക്കിന് പിന്തുണ പ്രഖ്യാപിച്ച് നിലപാട് വ്യക്തമാക്കിയത്.

1991 മുതല്‍ പൊതുരംഗത്തുള്ള വ്യക്തിയാണ് സാകിര്‍ നായികെന്നും തീവ്രവാദത്തിനെതിരെയുള്ള അദ്ദേഹത്തിൻറെ നിലപാട് മുൻപേ വ്യക്തമാക്കിയതാണെന്നും മുൻവിധികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അകാരണമായി വേട്ടയാടുന്ന സമീപനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു

സാകിര് നായിക്കിൻറെ ഒരു പ്രസംഗത്തിൻറെ ചില ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചായിരുന്നു മുസ്ലീംലീഗിൻറെ ന്യായീകരണങ്ങള്‍. ഐ എസ് ഐ എസ്സിനെ പറ്റിയുള്ള ചോദ്യത്തോടുള്ള സാകിര്‍ നായിക്കിൻറെ മറുപടിയുടെ വീഡിയോ ആണ് ലീഗ് വാര്‍ത്ത സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്.

ഐ എസ്സിനെതിരെ നിശിതമായി എതിര്‍ക്കുന്നുവെന്നും ഇതിനെതിരായ പ്രചാരണത്തിന് മുസ്ലീം ലീഗ് തന്നെ മുൻകൈ എടുക്കും. ഐ എസ് ബന്ധം ആരോപിക്കപ്പെട്ടവരെ പറ്റി അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.