തിരുവനന്തപുരം: പി.കെ. ശശിയ്ക്കതിരായ പീഡനപരാതിയില്‍ പ്രതികരണവുമായി മന്ത്രി ജെ.മേഴ്സികുട്ടിയമ്മ. പി കെ ശശിയ്ക്കതിരെയുള്ള പരാതി അതിന്‍റെ കൃത്യമായ നടപടിയിലൂടെ പോകുമെന്ന് ജെ.മേഴ്സികുട്ടിയമ്മ പറഞ്ഞു. 

പി.കെ. ശശിക്കെതിരെ ഡി വൈ എഫ് ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം അന്വേഷണത്തിന് സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നൽകിയത്. നടപടി വരാത്തതിനാൽ സീതാറായം യെച്ചൂരിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അവൈലിബിൽ പിബി ചേർന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. പാര്‍ട്ടി എംഎല്‍എയ്ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്.

ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലടക്കം പി.കെ ശശിക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്.