പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ 40 ജവാന്മാര്‍ വീരമൃത്യു വരിച്ച് ഒരാഴ്ച കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും ആക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി മുന്നറിയിപ്പ് വന്നിരിക്കുന്നത്.
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ സൈന്യത്തിന് നേരെ ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോർട്ട്.
പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ 40 ജവാന്മാര്‍ വീരമൃത്യു വരിച്ച് ഒരാഴ്ച കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും ആക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി മുന്നറിയിപ്പ് വന്നിരിക്കുന്നത്. തീവ്രവവാദ സംഘടനയായ തന്‍സീമിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജമ്മുവിലെ ചൗകിബാല്‍, താങ്ദാര്‍ മേഖലകളിൽ ഐഇഡി ആക്രമണം നടത്താൻ തൻസീം തീവ്രവാദികള്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് റിപ്പോട്ടിൽ പറയുന്നു. പച്ച നിറത്തിലുള്ള സ്‌കോര്‍പ്പിയോ ഉപയോഗിച്ചാണ് ഇവര്‍ ആക്രമണം നടത്തുക. പുൽവാമയിലേതിന് സമാനമായി ചാവേർ ആക്രമണത്തിനാണ് തൻസീം തീവ്രവാദികൾ പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.
