നിയമനടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്നും ബിഷപ്പ്. സമരം ചെയ്യാനുള്ള സ്വാതന്ത്രം കന്യാസ്ത്രീകള്‍ക്ക് ഉണ്ടെന്നും സഭയ്ക്ക് എതിരായ ശക്തികള്‍ ഇവരെ ഉപയോഗിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു. 

ജലന്ധര്‍: നിയമനടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. സമരം ചെയ്യാനുള്ള സ്വാതന്ത്രം കന്യാസ്ത്രീകള്‍ക്ക് ഉണ്ടെന്നും എന്നാല്‍ സഭയ്ക്ക് എതിരായ ശക്തികള്‍ ഇവരെ ഉപയോഗിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു. തനിക്കെതിരെയല്ല സഭയ്ക്കെതിരെയാണ് ഗൂഢാലോചന നടക്കുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിച്ചു. 

അതേസമയം, ജലന്ധർ ബിഷപ്പിന്‍റെ പ്രസ്താവനയ്ക്ക് സമരം ചെയ്യുന്ന കന്യാസ്ത്രി സിസ്റ്റർ നീന റോസ് മറുപടിയുമായി രംഗത്തെത്തി. നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് സമരത്തിന്‌ ഇറങ്ങിയത് സർക്കാരിൽ നിന്നും സഭയിൽ നിന്നും നീതി നിഷേധിക്കപ്പെട്ടു. സഭയെ തകര്‍ക്കാന്‍ അല്ല സമരമെന്നും കന്യാസ്ത്രീ കൂട്ടിച്ചേര്‍ത്തു.

കന്യാസ്ത്രീ തന്നെ ബ്ളാക്ക് മെയിൽ ചെയ്തെന്നും ബിഷപ്പ് പറഞ്ഞു. കേസിൽ നടപടി എടുക്കുന്നതിൽ കേരളം വീഴ്ച വരുത്തിയെന്ന് ദേശീയ വനിതാ കമ്മീഷൻ കുറ്റപ്പെടുത്തി. കന്യാസ്ത്രീകളെ മുൻനിറുത്തി തനിക്കെതിരെ നടത്തുന്ന സമരം സഭയ്ക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആരോപിക്കുന്നു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിശദീകരണം ഇങ്ങനെ: 'എനിക്ക് തോന്നുന്നത് സാധാരണ ജനങ്ങൾക്ക് പ്രശ്നമൊന്നുമില്ല എന്നാണ്. എന്നാൽ പള്ളിക്ക് എതിരെ നില്‍ക്കുന്നവർ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണ്. അവർ ഈ വിഷയം മാത്രമല്ല ഉന്നയിക്കുന്നത്. പ്ലേക്കാർഡിൽ പല വിഷയങ്ങളുമുണ്ട്. അവർ മറ്റു കാര്യങ്ങൾക്കായി സമരം ചെയ്യുമ്പോൾ കന്യാസ്ത്രീകളെ മുന്നിൽ നിറുത്തുന്നു. ഇത് ഗൂഢാലോചനയാണ്. നിയമനടപടികളുമായി പൂർണ്ണമായും സഹകരിക്കും. ഇതുവരെ അത് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തടസ്സമില്ല.'

അറസ്റ്റും നടപടിയും ആവശ്യപ്പെട്ടുള്ള കേരളത്തിലെ സമരം ദേശീയ ശ്രദ്ധ നേടുമ്പോഴാണ് ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. കന്യാസ്ത്രീക്കെതിരെയുള്ള പരാതി അന്വേഷിച്ചതിൻറെ പ്രതികാരമാണ് തനിക്കെതിരെയുള്ള കേസെന്ന് ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിച്ചു. നിയമം തനിക്കു നല്കുന്ന അവകാശങ്ങളും പൂർണ്ണമായും വിനിയോഗിക്കും. അതേസമയം, ചോദ്യം ചെയ്യാൻ ബിഷപ്പിനെ കേരളത്തിലേക്ക് വിളിപ്പിച്ചാൽ നിയമപരമായ സഹായങ്ങൾ ചെയ്യുമെന്ന് ജലന്തർ പൊലീസ് അറിയിച്ചു

ബിഷപ്പ് ഹൗസിലേക്ക് നാളെ പ്രകടനം നടത്തുമെന്ന് ആർഎംപി പഞ്ചാബ് ഘടകം അറിയിച്ചു. കേരളത്തിൽ നിന്ന് വരുന്ന വാർത്തകൾ ഭയാനകം എന്നാണ് ദേശീയ വനിതാ കമ്മീഷൻറെ പ്രതികരണം. പരാതി നല്കിയ കന്യാസ്ത്രീക്കൊപ്പം മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ അറിയിച്ചു.