Asianet News MalayalamAsianet News Malayalam

ബിഷപ്പിനെ ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തു; നാളെയും തുടരുമെന്ന് പൊലീസ്

ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നത് ഇന്ന് അവസാനിപ്പിച്ചു. ബിഷപ്പിനെ ചോദ്യം ചെയ്തത് ഏഴുമണിക്കൂര്‍. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും മടങ്ങി. ചോദ്യം ചെയ്തത് കോട്ടയം എസ്പിയും വൈക്കം ഡിവൈഎസ്പിയും ചേര്‍ന്ന്. 

jalandhar bishop   franco mulakkal questioning in  nun rape case
Author
Kochi, First Published Sep 19, 2018, 6:59 PM IST

കൊച്ചി: കന്യാസ്ത്രീയുടെ ബലാൽസംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നത്തേക്ക് അവസാനിപ്പിച്ചു. ചോദ്യം ചെയ്യല്‍ നാളെയും തുടരും. ഏഴുമണിക്കൂര്‍ നേരമാണ് ഇന്ന് ബിഷപ്പിനെ ചോദ്യം ചെയ്തത്. തെളിവുകളില്‍ ചിലത് എഡിറ്റ് ചെയ്തുണ്ടാക്കിയതെന്നാണ് ബിഷപ്പിന്‍റെ മൊഴി.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ ബിഷപ്പ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും മടങ്ങി. കോട്ടയം എസ്പിയും വൈക്കം ഡിവൈഎസ്പിയും ചേര്‍ന്നാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. കന്യാസ്ത്രീ നൽകിയ തെളിവുകളിൽ ചിലത് എഡിറ്റ് ചെയ്തുണ്ടാക്കിയതെന്ന് ബിഷപ്പ് മൊഴി നല്‍കിയെന്നാണ് വിവരം. കോടനാട് നടന്ന സ്വകാര്യ ചടങ്ങിന്‍റെ മുഴുവൻ വീഡിയോയും ഹാജരാക്കി. പരാതിക്കാരിയായ കന്യാസ്ത്രിക്കൊപ്പം ബിഷപ്പ് പങ്കെടുത്ത ചടങ്ങിന്റെ മുഴുവൻ ദൃശ്യങ്ങളുമുള്ള സിഡിയാണ് ഹാജരാക്കിയത്. 

കന്യാസ്ത്രീ ഭാവവ്യത്യാസമില്ലാതെയാണ് ഇടപഴകുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഇതിന് തലേന്നാണ് ബിഷപ്പ് പീഡിപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ മൊഴി. പീഡനത്തിനിരയായ കന്യാസ്ത്രീ ഇത്തരത്തിൽ ഇടപെടുമോയെന്ന് ബിഷപ്പ് പൊലീസിനോട് പറഞ്ഞു. കന്യാസ്ത്രിയുമായുള്ള മൊബൈൽ സന്ദേശങ്ങളുടെ പൂർണ പകർപ്പും ബിഷപ്പ് ഹാജരാക്കി.

അതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിഷപ്പിന്‍റെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു. എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. ഒന്നാം ഘട്ട ചോദ്യം ചെയ്യലാണ് ഇപ്പോള്‍ പൂര്‍ത്തിയായതെന്ന് കോട്ടയം എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം എസ് പി ഹരിശങ്കറാണ് ചോദ്യം ചെയ്തത്. കൊച്ചി ഡി സിപിയും വൈക്കം ഡിവൈ എസ് പിയും ഒപ്പമുണ്ടായിരുന്നു. 

രാവിലെ 11 മണിക്കാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മുന്നിലെത്തിയത്. ചോദ്യം ചെയ്യലിന്‍റെ ആദ്യ ഘട്ടമായി ബിഷപ്പിന്‍റെ മൊഴിയെടുക്കുകയായിരുന്നു ഇന്ന്. ആദ്യം ബിഷപ്പിന് പറയാനുള്ളത് കേള്‍ക്കും. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഇല്ലാതാക്കാന്‍ പൊലീസ് നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ചോദിക്കും എന്നതായിരുന്നു രീതി. ഈ സമയം ബിഷപ്പിന്‍റെ മുഖഭാവമടക്കമുള്ളവ ക്യാമറയില്‍ പകര്‍ത്തി. ചോദ്യം ചെയ്യല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തത്സമയം കാണാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.

ഐജിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ടത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലില്‍ എത്തും. തുടര്‍ന്നും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ മൂന്നാം ഘട്ടത്തില്‍ രണ്ടാം ഘട്ടത്തിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരും. അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളുള്ള മുറിയലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. മുറിയിൽ അ‍ഞ്ച് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി എടുക്കുന്നത് പൂ‍‍ർണമായും ചിത്രീകരിക്കാനും മുഖഭാവങ്ങളടക്കമുള്ളവ പരിശോധിക്കാനുമാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ചോദ്യം ചെയ്യല്‍ പൂര്‍ണമായും ചിത്രീകരിക്കും. ചോദ്യം ചെയ്യല്‍ തത്സമയം മേലുദ്യോസ്ഥര്‍ക്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്

Follow Us:
Download App:
  • android
  • ios