കൊച്ചി: ജമാഅത്തെ ഇസ്ലാമി എറണാകുളത്ത് നടത്താനിരുന്ന യോഗത്തിന് ഭീകരാക്രമണ ഭീഷണി. കേന്ദ്ര ഏജന്‍സികളുടെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് യോഗം മറ്റൊരു വേദിയിലേക്ക് മാറ്റി.

ഹൈക്കോടതിക്ക് സമീപമുളള ലാലന്‍ ടവറിലായിരുന്നു ജമാ അത്തെ ഇസ്ലാമി വൃത്യസ്ഥ മതവിഭാഗങ്ങളില്‍പ്പെട്ടവരെ ചേര്‍ത്ത് യോഗം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഫ്രാന്‍സിലെ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഇവിടേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച് വാഹനം ഇടിച്ചുകയറ്റാന്‍ സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊച്ചി പൊലീസിനെ അറിയിച്ചിരുന്നത്. തുടര്‍ന്ന പൊലീസ് സംഘാടകരുമായി സംസാരിച്ച് വേദി മറ്റൊരിടത്തേക്ക് മാറ്റി. 

ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ അടക്കമുളളവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ നഗരത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഭീഷണിയെത്തുടര്‍ന്ന് ഇവരെയാരെയും യോഗസ്ഥലത്തേക്ക് എത്താന്‍ അനുവദിച്ചില്ല. ഐ എസിനോട് അനുഭാവമുളള ചിലരില്‍ നിന്നാണ് ഭീഷണിയെന്നാണ് കൊച്ചി പൊലീസിന് കിട്ടിയ സന്ദേശം. കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം തുടങ്ങിയിട്ടുണ്ട്.