ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹന്‍ വാണിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സഹായധനം നല്കുമെന്ന് ജമ്മുകശ്‍മീര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.കഴിഞ്ഞ വര്‍ഷം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹന്റെ സഹോദരന്‍ ഖാലിദ് മരിച്ചതിന്റെ പേരിലാണ് സഹായധനം പ്രഖ്യാപിച്ചത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍വാണിയും സഹോദരനും ഭീകരഗ്രൂപ്പുകള്‍ക്കൊപ്പം ചേര്‍ന്നത് താന്‍ വിലക്കിയിരുന്നു എന്ന് അച്ഛന്‍ മുസഫര്‍ വാണി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞിരുന്നു.

ഈ വര്‍ഷം ജൂലൈ എട്ടിന് ബുര്‍ഹന്‍ വാണിയുടെ വധത്തിനു ശേഷമാണ് ജമ്മുകശ്‍മീരില്‍ ഇപ്പോഴും തുടരുന്ന പ്രതിഷേധങ്ങള്‍ തുടങ്ങിയത്. ബുര്‍ഹന്റെ സഹോദരന്‍ ഖാലിദ് കഴിഞ്ഞ വര്‍ഷമാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളിലും സംഘര്‍ഷത്തിലും കൊല്ലപ്പെട്ട 17 പേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനാണ് ജമ്മു കശ്‍മീര്‍ തീരുമാനിച്ചത്.

4 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. അല്ലെങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും വ്യവസ്ഥയുണ്ട്. തീരുമാനത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാം എന്നും ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം, ഭീകരവാദിയെന്ന് സര്‍ക്കാര്‍ മുദ്രകുത്തുന്ന ഒരാളുടെ കുടുംബത്തിന് എങ്ങനെ നഷ്‌ടപരിഹാരം നല്‍കുമെന്ന് പാന്തേഴ്‌സ് പാര്‍ട്ടി ചോദിച്ചു. എന്നാല്‍ കശ്‍മീര്‍ താഴ്വരയില്‍ നഷ്‌ടമായ സ്വാധീനം വീണ്ടെടുക്കാനാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ഈ നീക്കം എന്നാണ് സൂചന.