സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിൽപ്പോയ കർണാടകത്തിലെ ഖനി രാജാവും മുൻ ബിജെപി നേതാവുമായ ജനാർദൻ റെഡ്ഡിക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. റെഡ്ഡിയും സഹായിയും ഹൈദരാബാദിലേക്ക് കടന്നുവെന്നാണ് നിഗമനം. ബെല്ലാരിയിലെ റെഡ്ഡിയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തു. മന്ത്രിയായിരിക്കെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പതിനെട്ട് കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്.

ബംഗളൂരു: സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിൽപ്പോയ കർണാടകത്തിലെ ഖനി രാജാവും മുൻ ബിജെപി നേതാവുമായ ജനാർദൻ റെഡ്ഡിക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. റെഡ്ഡിയും സഹായിയും ഹൈദരാബാദിലേക്ക് കടന്നുവെന്നാണ് നിഗമനം. ബെല്ലാരിയിലെ റെഡ്ഡിയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തു. മന്ത്രിയായിരിക്കെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പതിനെട്ട് കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്.

വീണ്ടും വിവാദങ്ങളിലാണ് ബെല്ലാരി അടക്കിവാണ ഖനി രാജാവ് ജനാർദൻ റെഡ്ഡി. അമ്പതിനായിരം കോടിയുടെ ഖനി അഴിമതിക്ക് പിന്നാലെ ഇപ്പോൾ വന്ന കേസ് സാമ്പത്തിക തട്ടിപ്പ്. ആംബിഡന്‍റ് എന്ന ധനകാര്യ സ്ഥാപനത്തെ നിയമനടപടികളിൽ നിന്ന് ഒഴിവാക്കാൻ പതിനെട്ട് കോടി കൈപ്പറ്റിയെന്നാണ് ഉടമയുടെ പരാതി. നിക്ഷേപകരെ കബളിപ്പിച്ച് 600 കോടി രൂപ തട്ടിയെന്ന് ആരോപണമുളള കമ്പനിയാണിത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ റെഡ്ഡി ഒരു കോടി രൂപ കൈക്കൂലി നൽകിയെന്നും ബെംഗളൂരു പൊലീസ് പറയുന്നു. എന്നാൽ ജനാർദൻ റെഡ്ഡിയെ അറസ്റ്റുചെയ്യാൻ ഇതുവരെയായിട്ടില്ല. 

മുൻ ബിജെപി നേതാവിനായി ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പുറത്തിറക്കി.ബെല്ലാരിയിലും ബെംഗളൂരുവിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഹൈദരാബാദിലാണ് സഹായി അലി ഖാനൊപ്പം റെഡ്ഡിയെന്നാണ് നിഗമനം. റെഡ്ഡിയുമായി ബന്ധമുളളവരെല്ലാം നിരീക്ഷണത്തിലാണ്. റെഡ്ഡിമാരുടെ തട്ടകമായ ബെല്ലാരി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് മികച്ച വിജയം നേടിയതിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയം. എന്നാൽ പഴയ വിശ്വസ്തനെ പ്രതിരോധിക്കാൻ മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തയ്യാറായില്ല. എല്ലാം പൊലീസ് അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടേ എന്നുമായിരുന്നു മറുപടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് റെഡ്ഡിയുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ ബിജെപി നേതാക്കളുടെ പ്രചാരണയോഗങ്ങൾ റെഡ്ഡി സജീവ സാന്നിധ്യമായി. ഖനി അഴിമതിക്കേസ് കോൺഗ്രസ് ആയുധമാക്കുകയും ചെയ്തു. ഈ കേസിൽ മൂന്ന് വർഷം ജയിലിൽ കിടന്ന റെഡ്ഡി ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സാമ്പത്തിക തട്ടിപ്പ് കേസിലും പെടുന്നത്. ബെല്ലാരി രാജയെന്ന് അറിയപ്പെടുന്ന ജനാർദ്ദൻ റെഡ്ഡി മകളുടെ കല്യാണത്തിന് കളളപ്പണം വെളുപ്പിച്ചെന്ന ആരോപണവും നേരിട്ടിരുന്നു.