ദില്ലി: മലയാളി ജവാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരേ കേസ്. കൊല്ലം സ്വദേശി ലാന്‍സ് നായിക്ക് റോയി മാത്യൂ ആത്മഹത്യ ചെയ്ത കേസില്‍ ക്വിന്‍റ് വാര്‍ത്താ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ പൂനം അഗര്‍വാളിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. സൈന്യം നല്‍കിയ പരാതിയില്‍ നാസ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

നിരോധിത മേഖലയില്‍ അനധികൃതമായി കടന്നതിനും ജവാനുമായി അഭിമുഖം സംഘടിപ്പിച്ചതിനുമാണ് കേസ്. ജവാന്‍റെ സംഭാഷണം ഒളിക്യാമറയില്‍ പകര്‍ത്തിയെന്നാണ് ആരോപണം. ദിയോദാലി സൈനിക മേഖലയില്‍ കടന്നു കയറുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായിട്ടാണ് പൂനത്തിനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണം.

 ഇവര്‍ക്ക് ചിലരില്‍ നിന്നും സഹായം കിട്ടിയതായും പറയുന്നുണ്ട്. പൂനം അഗര്‍വാളിന്റെ ഒളി ക്യാമറ പ്രയോഗത്തില്‍ റോയി മാത്യൂ താന്‍ അനുഭവിക്കുന്ന ദുരിതം തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റോയി മാത്യുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതെന്ന് സൈന്യം പറയുന്നു.

മൃതദേഹത്തോടൊപ്പം ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. വെബ്‌സൈറ്റില്‍ വാര്‍ത്ത വന്നത് റോയി മാത്യൂവിനെ മാനസീകമായി തകര്‍ത്തെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം. 

പൂനത്തെ ചോദ്യം ചെയ്തതായി പോലീസ് വ്യക്തമാക്കി. അതേസമയം തനിക്ക് അഭിമുഖം നല്‍കിയതിന് പിന്നാലെ റോയ് മാത്യുവിനെതിരായി സൈന്യം അന്വേഷണം നടത്തിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പത്രപ്രവര്‍ത്തക ആരോപിക്കുന്നു.