ജയലളിതയുടെ ജീവന്‍ നില നിര്‍ത്താന്‍ പരമാവധി ശ്രമിച്ചുവെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍‌ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മൂന്ന് പാരഗ്രാഫിലുള്ള വാര്‍ത്താകുറിപ്പില്‍ ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ചും പുരോഗതിയെക്കുറിച്ചും വിശദമാക്കുന്നു. അപ്രതീക്ഷിതമായി ഞായറാഴ്ച വൈകിട്ടുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

സെപ്തംബര്‍ 22നാണ് പനിയും നിര്‍ജ്ജലീകരണവും കാരണം ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘനാള്‍ ഐ.സി.യുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നതെങ്കിലും പിന്നീട് ആരോഗ്യ നില മെച്ചപ്പെട്ടു. ഓക്ടോബര്‍ 12ന് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ ഒ. പനീര്‍ശെല്‍വത്തിന് നല്‍കി.  നവംബര്‍ 19നാണ് ആരോഗ്യ നില മെച്ചമായതിനെ തുടര്‍ന്നാണ് ജയലളിതയെ ഐ സി യുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയത്.

വേണമെങ്കില്‍ വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍മാര്‍ അന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അണുബാധ ഒഴിവാക്കാനാണ് ജയലളിത ആശുപത്രിയില്‍ തന്നെ തുടര്‍ന്നത്. ശ്വാസകോശത്തിലെ അണുബാധ അന്ന് പൂര്‍ണ്ണമായി മാറിയിരുന്നു. ആരോഗ്യ നില വീണ്ടെടുക്കുന്നതിനിടെയാണ് ഞായറാഴ്ച വൈകിട്ട് 5.30ഓടെ വീണ്ടും ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദരുടെ നിരീക്ഷണത്തിലായിരുന്നു അവര്‍.