ചെന്നൈ: പതിനായിരങ്ങൾ അണിചേർന്ന വിലാപയാത്രയായാണ് ജയലളിതയുടെ ഭൗതിക ശരീരം രാജാജി ഹാളിൽ നിന്നും അന്ത്യകർമ്മങ്ങൾ നടന്ന മറീന ബീച്ചിലെ എംജിആർ സമാധിയിൽ എത്തിച്ചത്. രണ്ടു കിലോമീറ്റർ ദൂരം  പിന്നിട്ട് വിലാപയാത്ര മറീന ബീച്ചിലെത്താൻ ഒരു മണിക്കൂറിലധികം സമയമെടുത്തു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് വിലാപയാത്ര കടന്നുപോയ വഴിയുടെ ഇരു വശങ്ങളിലും തടിച്ചുകൂടിയത്

എംജിആറിന്‍റെ മരണശേഷം ഇതാദ്യമായാണ് ചെന്നൈ നഗരം ഇതുപോലൊരു അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. തമിഴകത്തിന്‍റെ പ്രയപ്പെട്ട അമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വാഹനവ്യൂഹം കടന്നുപോയ പാതയുടെ ഇരുവശവും പതിനായിരങ്ങളാണ് തലൈവിയെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ച് കൂടിയത്.

രാജാജി ഹാളിൽ നിന്നും പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച സൈനിക ട്രക്കിലാണ് ജയലളിതയുടെ  ദൗതിക ശരീരം മറീന ബീച്ചിലെ എംജിആർ സ്മൃതി മണ്ഡപത്തിലേക്ക് എത്തിച്ചത്.   തോഴി ശശികലയും ശശികലയുടെ ബന്ധുക്കളും മുഖ്യമന്ത്രി ഒ പനീർ ശെൽവവും ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും  മാത്രമാണ് മൃതദേഹത്തിനൊപ്പം സൈനിക വാഹനത്തെ അനുഗമിച്ചത്.

മുന്നൂറോളം പൊലീസുകാരുടെ സുരക്ഷാ വലയത്തിൽ എഐഎഡിഎംകെ മന്ത്രിമാരും എംഎൽഎമാരും വിലാപയാത്രയെ കാൽനടയായി അനുഗമിച്ചു.   രണ്ടു കിലോമീറ്റർ ദൂരം കടന്ന് വിലാപയാത്ര മറീന ബീച്ചിലെത്താൻ ഒരു മണിക്കൂറോളം സമയമെടുത്തു.  കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും  വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും അടക്കമുള്ള പ്രമുഖർ മറീന ബീച്ചിലെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.