ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഐ സി യുവില്‍നിന്ന് മാറ്റി. അപ്പോളോ ആശുപത്രിയിലെ തന്നെ പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്കാണ് ജയലളിതയെ മാറ്റിയത്. ജയലളിത ഇതേവരെ കഴിഞ്ഞ ഐസിയു ഉള്ള രണ്ടാം ഫ്ലോറില്‍ തന്നെയുള്ള മുറിയിലേക്കാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെ മാറ്റിയത്. അതേസമയം ഈ മുറിയില്‍ ഐസിയു സംവിധാനങ്ങളും ശ്വസനോപാധികളും വെന്റിലേറ്റര്‍ സൗകര്യങ്ങളുമെല്ലാം ഉണ്ടെന്ന് അപ്പോളോ ആശുപത്രിയിലെ ഒരു ഡോക്‌ടര്‍ അറിയിച്ചു. ജയലളിതയെ ഐ സി യുവില്‍നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റിയെങ്കിലും, സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണം മുമ്പത്തെപ്പോലെ തന്നെ തുടരും. 24 മണിക്കൂറും വിദഗ്ദ്ധ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തില്‍ തന്നെയാണ് ജയലളിത. ജയലളിതയെ ഐ സി യുവില്‍നിന്ന് മാറ്റിയ വിവരം അറിഞ്ഞ എ ഐ എ ഡി എം കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. പാട്ടുപാടിയും നൃത്തം ചെയ്‌തും മധുരം വിതരണം ചെയ്‌തുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത് ആഘോഷിച്ചത്. പനിയും നിര്‍ജ്ജലീകരണവും മൂലം സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ജയലളിതയുടെ ആരോഗ്യത്തെയും ചികില്‍സയെയും കുറിച്ച് പല കിംവദന്തികളും പ്രചരിച്ചിരുന്നു. ശ്വാസകോശാണുബാധയാണ് ജയലളിതയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ് പിന്നീട് അപ്പോളോ ആശുപത്രി അധികൃതര്‍ തന്നെ പുറത്തുവിട്ട വിവരം.