ചെന്നൈ: തമിഴ്‌നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള 28 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറാം തവണയാണ് ജയ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികരമേല്‍ക്കുന്നത്. ചുമതലയേറ്റ ദിവസം തന്നെ ജയലളിത അഞ്ച് ജനപ്രിയപദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് ഉത്തരവിറക്കി. ഇന്ന് മുതല്‍ വീട്ടാവശ്യങ്ങള്‍ക്ക് 100 യൂണിറ്റ് വൈദ്യുതി സൗജന്യമായിരിക്കും. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതിനുള്ള ഉത്തരവിലും ജയ ഒപ്പുവച്ചു. ഡിഎംകെ ട്രഷറര്‍
ഡിഎംകെ ട്രഷറര്‍ സ്റ്റാലിന്‍ ചെന്നൈയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരോടൊപ്പം സത്യപ്രതിജ്ഞയില്‍ പങ്കെടുത്തു. 2001ല്‍ അദ്ദേഹം പങ്കെടുത്തിരുന്നുവെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സ്റ്റാലിന്‍ വിട്ടുനിന്നിരുന്നു. ചുമതലയേറ്റയുടന്‍ സെക്രട്ടേറിയറ്റിലെത്തി അടിയന്തരസ്വഭാവമുള്ള ഫയലുകള്‍ ജയലളിത നോക്കി. ഏറ്റവും ആദ്യം ഒപ്പുവച്ചത് തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതല്‍ സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതിയിലാണ്.
പിന്നെ വീട്ടാവശ്യത്തിന് 100 യൂണിറ്റ് വൈദ്യുതി സൗജന്യം, കൈത്തറി മേഖലക്ക് 750 യൂണിറ്റ് വൈദ്യുതി സൗജന്യം, തങ്കത്താലി പദ്ധതിയില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണം സൗജന്യം എന്നീ ഉത്തരവുകളിലും ഒപ്പുവച്ചു. ചെറുകിട കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്മാക്കിന്റെ 500 ഔട്ട്‍ലെറ്റുകള്‍ പൂട്ടുന്നതിനും പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കുറയ്‌ക്കുന്നതിനും ആദ്യ ദിവസം തന്നെ തീരുമാനമായി. ഇതോടെ എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നതല്ലെന്ന് പറഞ്ഞ വിമര്‍ശകരുടെ വായടിപ്പിച്ചിരിക്കുകയാണ് ജയലളിത.
