ഇടതു മുന്നണിയിലേക്ക് പോകാതിരുന്ന തീരുമാനം അബദ്ധമായെന്ന് ജെഡിയുവിന് വീണ്ടുവിചാരം. നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിന്‍റെ കാരണങ്ങള്‍ വിലയിരുത്താന്‍സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അടുത്ത ഒന്നിന് കോഴിക്കോട് ചേരും. നിര്‍ണ്ണയത്തിലെ പാളിച്ചയും തിരിച്ചടിയായെന്നാണ് പാര്‍ട്ടി കരുതുന്നത്.


മത്സരിച്ച ഏഴ് മണ്ഡലങ്ങളിലും വന്‍പരാജയമാണ് ജെഡിയു ഏറ്റുവാങ്ങിയത്. കല്‍പറ്റ, കൂത്തുപറന്പ്, മട്ടന്നൂര്‍, വടകര, എലത്തൂര്‍, അന്പലപ്പുഴ, നേമം മണ്ഡലങ്ങളില്‍ മത്സരിച്ച പാര്‍ട്ടിക്ക് എവിടെയും മുഖം രക്ഷിക്കാനായില്ല. പാര്‍ലമെന്‍റി രാഷ്‌ട്രീയത്തില്‍ തന്നെ അപ്രസക്തമായതിന്‍റെ കാരണങ്ങള്‍ വിലയിരുത്താനാണ് വരുന്ന ഒന്നിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കാനെടുത്ത തീരുമാനം അബദ്ധമായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്നത്. അന്ന് 12 ജില്ലാകൗണ്‍സിലുകളും മുന്നണി മാറ്റത്തെ അനുകലിച്ചപ്പോള്‍ മന്ത്രി കെ പി മോഹനനടക്കമുള്ള ഒരു വിഭാഗമാണ് നീക്കത്തിന് തടയിട്ടത്. രാജ്യസഭാ സീറ്റ് വാഗ്ദാനത്തില്‍ വീരേന്ദ്രകുമാറിന്‍റെയും മനം മാറി. സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടും പാളിച്ചകള്‍ സംഭവിച്ചുവെന്ന് പാര്‍ട്ടി കരുതുന്നു. വടകരയില്‍ മനയത്ത് ചന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്ന പ്രദേശിക വികാരത്തെ ഒരു ഘട്ടത്തില്‍ പോലും പാര്‍ട്ടി മുഖവിലക്കെടുത്തിരുന്നില്ല. യുവജനതയുടെ പ്രതിഷേധത്തിനിടെ എലത്തൂരില്‍ കിഷന്‍ ചന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനവും ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കാതെയായിരുന്നു. ചില കോണുകളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, മത്സരിച്ച മണ്ഡലങ്ങളിലെ മുസ്ലീംവോട്ടുകള്‍ പ്രതികൂലമായതും തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍. വര്‍ഗീയതക്കെതിരായി യുഡിഎഫ് കാര്യമായി പ്രചാരണം നടത്തിയില്ലെന്നും സര്‍ക്കാരിനെതിരെ ഇടതുമുന്നണി നടത്തിയ പ്രചാരണങ്ങളെ അതിജീവിക്കാന്‍ യുഡിഎഫിനായില്ലെന്നും ജെഡിയുവിന് അഭിപ്രായമുണ്ട്.