കണ്ണൂര്‍: വിദ്യാഭ്യാസ വകുപ്പ് സ്കൂൾ പൂട്ടാൻ നിർദ്ദേശം നൽകിയിട്ടും അനധികൃതമായി സ്കൂൾ പ്രവർത്തിക്കുന്നതായി പരാതി. കണ്ണൂർ തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ജെം ഇന്‍റർ നാഷണൽ സ്കൂളിനെതിരെയാണ് പരാതി. 2008 മുതൽ പ്രവർത്തിക്കുന്ന സ്കൂളിന് ഇതുവരെ സംസ്ഥാന സർക്കാർ എൻ.ഒ.സി ലഭിച്ചിട്ടില്ല. എന്നാൽ അനുമതിയോടെയാണ് പ്രവർത്തനമെന്നാണ് സ്കൂൾ അധികൃത നൽകുന വിശദീകരണം.
2008 ൽ ആരംഭിച്ച ജെം ഇൻറർനാഷണൽ സ്കൂളിന് വേണ്ടത്ര അംഗീകാരം ഇല്ലെന്ന് കാട്ടി തളിപ്പറമ്പ് വിദ്യാഭാസ ആഫീസറാണ് പൂട്ടാൻ നിർദ്ദേശം നൽകിയത്. എന്നാൽ സ്കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നതായിട്ടാണ് പരാതിക്കാർ പറയുന്നത്. ക്രേംബ്രിഡ്ജ് സർവ്വകലാശാലയുടെ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്നു സ്കൂളുകൾ സംസ്ഥാന സർക്കാരിന്റെ എൻ ഒ സി വാങ്ങിയിരിക്കണം എന്നാണ് സർവ്വകലാശാലയുടെ നിയമം. സ്കൂൾ ഇതും പാലിച്ചിട്ടില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ സ്കൂൾ പ്രവർത്തിക്കാനുള്ള അംഗീകാരം നേടിയിട്ടുണ്ടെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. എൻ.ഒ.സി ക്കായി ഇപ്പോൾ അപേക്ഷ സമർപ്പിച്ചതായും സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂൾ പൂട്ടാൻ നോട്ടീസ് നൽകിയതല്ലാതെ വേണ്ടത്ര നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പും തയ്യാറായിട്ടല്ലെന്നും ആരോപണം ഉണ്ട്.
