കാണാതായ ജസ്ന മരിയ ബെംഗളുരുവിലെത്തിയതായി സൂചന
ബെംഗളുരു: മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്ന മരിയ കർണാടകത്തിലുണ്ടെന്ന് സംശയം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട പൊലീസ് ബെംഗലൂരുവിലേക്ക് തിരിച്ചു. മടിവാളയിലെ ആശ്രമത്തിൽ ജസ്ന വന്നുവെന്നാണ് സൂചന. മടിവാളയിലെ ധർമ്മാരാം സെൻററില്‍ ജസ്ന മരിയയെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.
ദുരുഹ സാഹചര്യത്തില്‍ ഏരുമേലിയില്‍ നിന്ന് മാര്‍ച്ച് 22നാണ് പെൺകുട്ടിയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെയിന്‍റ് ഡോമിനിക് കോളജിലെ ബികോം വിദ്യാർത്ഥിനിയായ ജസ്ന മരിയ രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്. ഏരുമേലിയില്‍ എത്തുന്നത് വരെ ജെസ്നയെ കണ്ടവരുണ്ട്. പിന്നിട് പെൺകുട്ടിയെ ആരുംകണ്ടിട്ടില്ല. മടങ്ങി എത്താത്തതിനെ തുടർന്ന് ആദ്യം വീട്ടുകാര്‍ ഏരുമേലി പോലിസിന് പരാതി നല്‍കി. പിന്നിട് വെച്ചുവിച്ചിറ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
ജസ്നയുടെ തിരോധാനത്തില്‍ അന്വേഷണം വഴിമുട്ടാന്‍ കാരണം പൊലീസിന്‍റെ ഗുരുതര അനാസ്ഥയാണെന്ന് ജെസ്നയുടെ വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും പൊലീസിനെതിരെ തിരിഞ്ഞിരുന്നു.
