ഗോവ ദാബോ ലിം വിമാനത്താവളത്തില്‍ നിന്ന് മുംബൈക്ക് പുറപ്പെട്ട ജറ്റ് എയര്‍വേയ്‌സിന്റെ 9 w 2374 വിമാനമാണ് പറന്നു പൊങ്ങുന്നതിന് മുമ്പ് നിയന്ത്രണം വിട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ഇടിച്ച് നില്‍ക്കുകയായിരുന്നു. വിമാനം 360 ഡിഗ്രി തിരിഞ്ഞ് റണ്‍വേയ്ക്ക് പുറത്തേക്ക് എത്തി. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. രാവിലെ അഞ്ചു മണിയോടെയാണ് സംഭവം. വിമാനത്തിന് അപകടം സംഭവിക്കുന്നതറിഞ്ഞ് യാത്രക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന 154 യാത്രക്കാരെയും ഏഴ് ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കാനായി.

പതിനഞ്ച് യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റതായി ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു. സാങ്കേതിക തകരാറാണ് വിമാനാപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ വിമാനത്തിന് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു .അപകടത്തെത്തുടര്‍ന്ന് തടസപ്പെട്ട ദാ ബോളിം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.