കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൃത്യത്തിനുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. സംഭവ ദിവസം യുവതിയുടെ വീട്ടിലും പരിസരത്തും വന്നു പോയവരെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നുണ്ട്.

മൂന്ന് ആയുധങ്ങള്‍ ഉപയോഗിച്ചാണു കൃത്യം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടിലേ ഇക്കാര്യം കൂടുതല്‍ വ്യക്തമാകൂ. കൊലപാതകം നടത്താന്‍ ഉപയോഗിച്ചുവെന്നു കരുതുന്ന ആയുധം സമീപത്തെ പറമ്പില്‍നിന്നാണു ലഭിച്ചത്. ഇതുതന്നെയാണു കൃത്യത്തിന് ഉപയോഗിച്ചതെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

സംഭവ ദിവസം കുടുംബവുമായി ഏറെക്കാലമായി അകന്നുകഴിയുന്ന ഒരു ബന്ധു ഇവിടെ എത്തിയിരുന്നതായി പരിസരവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞു നിരവധി പേരെ ചോദ്യം ചെയ്തു വരികയാണെന്നു പെരുമ്പാവൂര്‍ പൊലീസ് അറിയിച്ചു.

പ്രദേശത്തെ അന്യസംസ്ഥാന ക്യാംപുകള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തി.