കാഞ്ചീപുരത്തെ ഒരു കാര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാന്‍ അവിടെയെത്തിയ ഡിവൈഎസ്‍പി സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെയാണ് ഇയാള്‍ ആക്രമിച്ചത്. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് സംഘം ഇയാളെ കീഴടക്കിയത്. കാഞ്ചീപുരത്തെ കമ്പനിയില്‍ ജോലികഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമീറുല്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസ് സംഘം പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസിനെ ആക്രമിക്കുകയും മറ്റ് തൊഴിലാളികളെ വിളിച്ചുകൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവര്‍ ഓടിയെത്തുന്നതിനിടെ പൊലീസ് ഇയാളെ വാഹനത്തിലേക്ക് മാറ്റി. വാഹനത്തിനുള്ളല്‍ വെച്ചും ഇയാള്‍ പൊലീസ് സംഘത്തെ ആക്രമിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ ഔദ്ദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഇയാളുടെ ചെരിപ്പ് തിരിച്ചറിഞ്ഞത് മുതലാണ് അമീറുല്‍ ഇസ്ലാമിലേക്ക് പൊലീസ് എത്തിയത്. പ്രതി മുമ്പ് താമസിച്ചിരുന്ന സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് വലയിലാക്കിയത്. ആസാം സ്വദേശിയായ അമീറുല്‍ ഇസ്ലാം തമിഴ്നാട്ടിലുണ്ടെന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെ വ്യക്തമായതിനെ തുടര്‍ന്ന് അവിടെയെത്തിയ പൊലീസ് സംഘം മൂന്ന് ദിവസത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയതും തുടര്‍ന്ന് പിടികൂടിയതും. ഇയാളുമായി സംസാരിക്കാന്‍ ഭാഷാ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്കായി രക്തം ശേഖരിച്ച് അയച്ച് സ്ഥിരീകരിച്ച ശേഷമാണ് വിവരം പൊലീസ് പുറത്തറിയിച്ചത്.