ദില്ലി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ച കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. കേസില്‍ ജിഷ്ണുവിന്റെ കുടുംമ്പവും കക്ഷി ചേരും. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുക. കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ പതിനേഴിന് ശുപാര്‍ശ ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ സിബിഐയുടെ നിലപാട് അറിയാന്‍ സുപ്രീം കോടതി സമയം നല്‍കിയിട്ടുണ്ട്. കേസ് പരിഗണിക്കുന്ന നാളെ സുപ്രീംകോടതിയില്‍ സിബിഐ നിലപാട് അറിയിച്ചേക്കുമെന്നാണ് സൂചന. കേസില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും കക്ഷിചേരും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കേസില്‍ ഇടപെടല്‍ ഹര്‍ജി നാളെ മഹിജ സുപ്രീം കോടതിയില്‍ നല്‍കുക.

കേസില്‍ പ്രതിയായ പാമ്പാടി നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ ശക്തിവേലിന്റേയും ചെയര്‍മാന്‍ കൃഷ്ണദാസിന്റേയും ജാമ്യം റദ്ദാക്കണമെന്ന
സര്‍ക്കാറിന്റെ ഹര്‍ജിയും കോടതി നാളെ പരിഗണിക്കും.ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാല്‍ ഈ അന്വേഷ ണങ്ങള്‍ തൃപ്തികരമല്ലെന്ന ജിഷ്ണുവിന്റെ കുടുംമ്പത്തിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത്.