ദില്ലി: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഏറെ പഴികേട്ട കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അതവാലെ വീണ്ടും വിവാദത്തില്‍. ദലിത് യുവാക്കളോട് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ ആഹ്വാനം ചെയ്തതിന്റെ പേരിലാണ് മന്ത്രി വിവാദത്തില്‍ ആയിരിക്കുന്നത്. 'ദലിത് യുവാക്കളെ നിങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരൂ... വിദേശ മദ്യം കഴിക്കാം' എന്നായിരുന്നു മന്ത്രിയുടെ ആഹ്വാനം. പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍മി നല്ല ഭക്ഷണവും മദ്യവും നല്‍കുന്നുണ്ട്. പ്രാദേശിക മദ്യമൊക്കെ ഉപയോഗിക്കുന്നത് ജോലിയില്ലാതിരിക്കുമ്പോഴാണ്. ആര്‍മിയില്‍ നിങ്ങള്‍ക്ക് നല്ല റം കിട്ടും- മന്ത്രി പറഞ്ഞു. ആര്‍മിയില്‍ ചേര്‍ന്നാല്‍ മരിക്കുമെന്ന് പറയുന്നതില്‍ കാര്യമില്ല. റോഡപകടങ്ങളിലും ഹൃദയാഘാതം മൂലവും നിരവധി പേര്‍ മരിക്കുന്നുണ്ട്. ആര്‍മിയില്‍ ചേര്‍ന്നവര്‍ മാത്രമാണ് മരിക്കുന്നതെന്ന പ്രചരണങ്ങളില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദലിതുകള്‍ പോരാളികളാണ്. അവര്‍ക്കായി പ്രതിരോധ സേനകളില്‍ കൂടുതല്‍ സംവരണം ഉറപ്പുവരുത്തും. അവര്‍ക്ക് രാജ്യത്തിനായി ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ വിവാദ പരാമര്‍ശവുമായി അതാവാലെ രംഗത്തെത്തിയുന്നു. 

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സ്ത്രീകളല്ലെന്നും അവര്‍ സാരി ധരിക്കുന്നത് ശരിയല്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പിന്നീട് അത് തന്റെ അഭിപ്രായമാണെന്ന് പറഞ്ഞ് മന്ത്രി തടിതപ്പുകയായിരുന്നു.