വാർത്തകൾ സൃഷ്ടിക്കാനായിരിക്കും പല അംഗങ്ങൾക്കും താൽപര്യം പാർട്ടി എക്സിക്യൂട്ടീവ് ഉടൻ വിളിക്കണം
തിരുവനന്തപുരം: ഇന്ന് നടക്കാനിരിക്കെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിനെതിരെ തുറന്നടിച്ച് ജോസഫ് വാഴയ്ക്കന്‍. രാഷ്ട്രീയകാര്യ സമിതി യോഗം പാർട്ടിക്ക് ഗുണം ചെയ്യാനിടയില്ല. വാർത്തകൾ സൃഷ്ടിക്കാനായിരിക്കും പല അംഗങ്ങൾക്കും താൽപര്യമെന്ന് ജോസഫ് വാഴയ്ക്കന്‍ പറയുന്നു. പാർട്ടി എക്സിക്യൂട്ടീവ് ഉടൻ വിളിക്കണമെന്നും ജോസഫ് വാഴയ്ക്കൻ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു.
കെ.പി.സി.സി എസ്‌സിക്യൂട്ടീവിന് എണ്ണം കൂടുതലാണെന്നു പറഞ്ഞാണ് ഭരണഘടനാതീതമായ ഈ സമിതിക്കു രൂപം കൊടുത്തത്. സംസ്ഥാനത്തെ ദൈനംദിന രാഷ്ട്രീയവിഷയങ്ങളിൽ പങ്കാളിയാകുന്ന എത്രപേർ ഈ സമിതിയിൽ ഉണ്ടെന്ന് ജോസഫ് വാഴയ്ക്കന്‍ ചോദിക്കുന്നു. സ്വന്തം അജണ്ടകളുടെ പേരിലും മോഹഭംഗങ്ങളുടെ പേരിലും പരസ്യപ്രസ്താവന നടത്തി അച്ചടക്കലംഘനം നടത്തുന്നവരാണ് പകുതിയിലധികം പേരുമെന്നു പറയുന്നതിൽ ദുഖമുണ്ടെന്ന് ജോസഫ് വാഴയ്ക്കന്‍ തുറന്ന് പറയുന്നു.
ഇന്നത്തെ യോഗത്തിൽ പോലും വാർത്തകൾ സൃഷ്ടിക്കുന്നതിലായിരിക്കും പലർക്കും താല്പര്യം. പാർട്ടിക്ക് നന്മയുണ്ടാവുന്ന ഒരാലോചനയും നടക്കാനിടയില്ല. കെ.പി.സി.സി എസ്‌സിക്യൂട്ടീവാണ് ഇത്തരം കാര്യങ്ങളിൽ നയപരമായ തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള സമിതി; അത് ഉടൻ വിളിച്ചുചേർക്കണമെന്നും ജോസഫ് വാഴയ്ക്കന്‍ ആവശ്യപ്പെട്ടു.
