റായ്‍പൂരിലെ മാധ്യമപ്രവർത്തകർ ഒരു ദിവസം മുഴുവൻ ബിജെപി നേതാക്കളുടെ ബൈറ്റെടുത്തത് തലയിൽ ഹെൽമെറ്റ് വച്ചാണ്. കാരണം ഇതാണ്...

റായ്‍പൂർ: പ്രാദേശികമാധ്യമപ്രവ‍ർത്തകനെ തല്ലിച്ചതച്ച ബിജെപി നേതാക്കൾക്കെതിരെ പ്രതിഷേധവുമായി റായ്‍പൂർ പ്രസ് ക്ലബ്. ബിജെപി നേതാക്കളുടെ വാർത്താ സമ്മേളനങ്ങളിലെല്ലാം ഹെൽമെറ്റ് വച്ചാണ് മാധ്യമപ്രവർത്തകർ നിന്നത്. ചൊവ്വാഴ്ചയാണ് സുമൻ പാണ്ഡേ എന്ന പ്രാദേശിക മാധ്യമപ്രവർത്തകനെ സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് അഗർവാളും മറ്റ് മൂന്ന് ബിജെപി നേതാക്കളും ചേർന്ന് തല്ലിച്ചതച്ചത്.

ഇതേത്തുടർന്ന് രാജീവ് അഗർവാളടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ബുധനാഴ്ച ബിജെപി നേതാക്കളുടെ വാ‍ർത്താസമ്മേളനങ്ങളിലെല്ലാം ഹെൽമറ്റ് വച്ച് നിൽക്കാൻ മാധ്യമപ്രവർത്തകർ തീരുമാനിച്ചത്. ''ഞങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ വയ്യ'' - റായ്‍പൂർ പ്രസ് ക്ലബ് പ്രസിഡന്‍റ് ദാമു അമെദരെ പറയുന്നു. 

അഞ്ഞൂറോളം പ്രാദേശികലേഖകരെ സംഘടിപ്പിച്ച് ബിജെപി ഓഫീസിലേക്ക് റായ്‍പൂർ പ്രസ് ക്ലബ് ബൈക്ക് റാലിയും പ്രതിഷേധവും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരെ ആക്രമിച്ച സംസ്ഥാന ബിജെപി അധ്യക്ഷനെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്കായി ഒരു പ്രത്യേകനിയമം പാസ്സാക്കണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെടുന്നു.