Asianet News MalayalamAsianet News Malayalam

ബിജെപി നേതാക്കളുടെ ആക്രമണം; റായ്പൂരിൽ ഹെൽമറ്റ് ധരിച്ച് മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

ബിജെപി നേതാക്കൾ പങ്കെടുത്ത പരിപാടികൾ ഹെൽമറ്റ് ധരിച്ചെത്തി റിപ്പോർട്ട് ചെയ്താണ് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചത്. ബിജെപി റായ്പൂർ ജില്ലാ പ്രസിഡന്റ് രാജീവ് അഗർവാളിനെതിരേയാണ് മാധ്യമപ്രവർത്തകരുടെ വ്യാപക പ്രതിഷേധം. 

Journalists protest against  BJP leaders in Raipur
Author
Raipur, First Published Feb 7, 2019, 11:36 AM IST

ദില്ലി: ഛത്തീസ്ഗഡിലെ റായ്പൂരിൽ മാധ്യമപ്രവർത്തകനെ ബിജെപി നേതാക്കൾ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നേതാക്കൾ പങ്കെടുത്ത പരിപാടികൾ ഹെൽമറ്റ് ധരിച്ചെത്തി റിപ്പോർട്ട് ചെയ്താണ് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചത്. ബിജെപി റായ്പൂർ ജില്ലാ പ്രസിഡന്റ് രാജീവ് അഗർവാളിനെതിരേയാണ് മാധ്യമപ്രവർത്തകരുടെ വ്യാപക പ്രതിഷേധം. 

റായ്പൂരിൽ‌ നടന്ന ബിജെപിയുടെ ജില്ലാതല യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക റിപ്പോർട്ടർ സുമൻ പാണ്ഡെയെയാണ് ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കേസിൽ ബിജെപി റായ്പൂർ ജില്ലാ പ്രസിഡന്റ് രാജീവ് അഗർവാൾ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് നേതാക്കൾക്കെതിരെ വ്യത്യസ്ത പ്രതിഷേധ മാർഗവുമായി മാധ്യമപ്രവർത്തകർ രംഗത്തെത്തിയത്.

ബിജെപി നേതാക്കൾ പങ്കെടുക്കുന്ന പരിപാടി, പ്രസ് കോൺഫറൻസ്, യോഗങ്ങൾ തുടങ്ങി എന്ത് തന്നെ നടന്നാലും സുരക്ഷയ്ക്ക് ഭീഷണിയായി അവരുടെ മുന്നിൽ നിൽക്കാനാവില്ല. അതിനാണ് ഹെൽമറ്റ് ധരിച്ച് ബിജെപി നേതാക്കൾ‌ പങ്കെടുത്ത പരിപാടികള്‍ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നതെന്ന് റായ്പൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ദാമു അമുദാരെ ദേശീയ മാധ്യമമായ ദി പ്രിന്റിനോട് പറഞ്ഞു. ബിജെപി നേതാക്കളുടെ ബൈറ്റ് പോലും ഹെൽമറ്റ് ധരിച്ച് മാത്രമേ എടുക്കുകയുള്ളുവെന്നും ദാമു വ്യക്തമാക്കി.

നഗരത്തിലെ 500ലധികം റിപ്പോർട്ടർമാർ പ്രതിഷേധത്തിന്റെ ഭാഗമായി രംഗത്തുണ്ട്. ഹെൽമറ്റ് ധരിച്ച് റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം ബൈക്ക് റാലികളും പ്രതിഷേധക്കാർ സംഘടിപ്പിച്ചു. ബിജെപി ഓഫിസിന് മുന്നിൽ പോസ്റ്ററുകൾ സ്ഥാപിച്ചും പ്രതിഷേധം ശക്തമാക്കുകയാണെന്ന് മാധ്യമപ്രവർത്തകരെന്നും ദാമു പറഞ്ഞു. 

പാർട്ടിയിൽനിന്ന് അഗർവാളിനെ പുറത്താക്കുക, മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ നിയമം പാസാക്കുക എന്നീ  ആവശ്യങ്ങളാണ് പ്രധാനമായും പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങൾ സംസ്ഥാന നിയമസഭയുടെ വരാനിരിക്കുന്ന സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപീന്ദർ ഭഗൽ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios