കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസ്-ഉദ്യോഗസ്ഥതല വീഴ്ചകളും അന്വേഷിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍. ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും രാഷ്ട്രീയ ഇടപെടലുകളും മൊഴി ലഭിക്കുന്നത് അനുസരിച്ച് അന്വേഷണ പരിധിയില്‍ വരുമെന്നും കമ്മീഷന്‍ അറിയിച്ചു. അപകടസ്ഥലം സന്ദര്‍ശിച്ച് കമ്മീഷന്‍ തെളിവെടുത്തു.

സംഭവം നടന്ന് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കമ്മീഷന്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. ക്ഷേത്ര പരിസരവും കമ്പപ്പുരയും, തകര്‍ന്ന കെട്ടിടങ്ങളും കമ്മീഷന്‍ സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥ തലത്തിലും പൊലീസ് തലപ്പത്തുള്ളവര്‍ക്കും വീഴ്ച പറ്റിയൊ എന്നകാര്യം കമ്മീഷന്റെ അന്വേഷണ പരിതിയില്‍ ഉള്‍പെടുന്നുണ്ടെന്ന് ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍ പറഞ്ഞു.

രാഷ്ട്രീയ ഇടപെടലുകളൊ, ഗൂഡാലോചനയൊ കമ്മീഷന്റെ പരിഗണനയില്‍ ഇല്ല.. എന്നാല്‍ മൊഴി ലഭിച്ചാല്‍ അന്വേഷണം ആവഴിക്ക് നീങ്ങുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കൊച്ചിയിലാണ് കമ്മീഷന്‍ ഓഫീസെങ്കിലും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതിനായി കൊല്ലത്ത് സിറ്റിംഗ് നടത്തും.
നേരത്തെ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ അന്വേഷണ പരിധിയും വിഷയങ്ങളും നിര്‍ണ്ണയിച്ച് കൊടുക്കാത്തതിനെ തുടര്‍ന്ന് രാജിവച്ചിരുന്നു. തുടര്‍ന്നാണ് പുതിയ കമ്മീഷനെ നിയോഗിച്ചത്.