തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് എതിരായ സിഎജി റിപ്പോര്‍ട്ടിനെ കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ആദ്യമായി തുറമുഖ പ്രദേശത്ത് സന്ദര്‍ശനം നടത്തി. ജനുവരി പത്തിന് ശേഷം തെളിവെടുപ്പമടക്കുള്ള അന്വേഷണ നടപടികള്‍ തുടങ്ങുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്നും, അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കാനെ നിലവിലെ കരാര്‍ ഉപകരിക്കൂ എന്നതടക്കം ഗുരുതരമായ കണ്ടെത്തലുകളാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
തുടര്‍ന്നാണ് ഇടതു സര്‍ക്കാര്‍ ജൂഡിഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍, കെ.മോഹന്‍ദാസ്, പി.മാത്യൂ അടക്കമുള്ള കമ്മീഷന്‍ അംഗങ്ങളാണ് വിഴിഞ്ഞം സന്ദര്‍ശിച്ചത്. അദാനി സി പോര്‍ട്ട് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജനുവരി പത്തിന് ശേഷം കൊച്ചിയില്‍ സിറ്റിംഗ് ആരംഭിക്കും.
