തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂട്ടിയതില്‍ പ്രതിഷേധിച്ചുള്ള മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് തുടരും. ഒപിയിലും വാര്‍ഡിലും ഡോക്ടര്‍മാര്‍ കയറില്ല. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉറപ്പുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. സമരത്തിനായി രൂപീകരിച്ച മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടുകയും മെഡിക്കല്‍ പിജി അസോസിയേഷന്‍ ഭാരവാഹികളെ നീക്കുകയും ചെയ്തു.

ഇന്നലെയാണ് ആരോഗ്യമന്ത്രിയുമായും ആരോഗ്യ സെക്രട്ടറിയുമായും ചര്‍ച്ച നടത്തിയത്. പെന്‍ഷന്‍ പ്രായ വര്‍ദ്ധന ഒഴിവാക്കുക, ബോണ്ട് സമ്പ്രദായം എടുത്ത് കളയുക എന്നിവയായിരുന്നു ചര്‍ച്ചയില്‍ സംഘടന ഉന്നയിച്ച ആവശ്യം, ഇക്കാര്യത്തില്‍ സമവായമാകാതെയാണ് ചര്‍ച്ച പിരിഞ്ഞത്. തുടര്‍ന്ന് രാത്രിയോടെ ഡോക്ടര്‍മാരുടെ സംഘടനയായ മെഡിക്കല്‍ ജോയിന്‍റ് ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിട്ട് പുതിയ സംഘടന രൂപീകരിച്ചു.

അതേസമയം സമരം കടുപ്പിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം, സമരത്തെ ശക്തമായി തന്നെ നേരിടും. സമരത്തില്‍ നടപടിയെടുക്കേണ്ടത് അതാത് കോളേജുകള്‍ക്ക് തന്നെ തീരുമാനുക്കും. ഡോക്ടര്‍മാരുടെ റജിസ്‌ട്രേഷന്‍ എടുത്ത് കളയുന്നതടക്കമുള്ള ശുപാര്‍ശകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.