തിരുവനന്തപുരം: സർക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഓപികളുടേയും വാര്‍ഡുകളുടേയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. തുടങ്ങി. ഇതോടെ മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നത് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി. ബദല്‍ സംവിധാനങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്.

ഒപിയിലുള്ളത് ഒന്നോ രണ്ടോ സീനിയർ ഡോക്ടര്‍മാര്‍ മാത്രമാണ്. മണിക്കൂറുകള്‍ കാത്തിരുന്നാല്‍ മാത്രം ചികില്‍സ ലഭിക്കുന്നത്. വാര്‍ഡുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല . 

അതേസമയം രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. സമരം ചര്‍ച്ചചെയ്ത് പിന്‍വലിച്ച ശേഷം വീണ്ടും സമരം ചെയ്യുന്നത് സ്ഥാപിത താല്‍പര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നും മന്ത്രി ആരോപിച്ചു.

ജൂനിയര്‍ ഡോക്ടര്‍മാരുടെ അഭാവത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കാനുള്ള സാധ്യതയേറി. ബദല്‍ സംവിധാനങ്ങളുടെ ഭാഗമായി നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ ഓപികളിലേക്ക് വിന്യസിച്ചിട്ടുണ്ട് . ആവശ്യമെങ്കില്‍ ആരോഗ്യവകുപ്പില്‍ നിന്ന് കൂടുതല്‍ ഡോക്ടര്‍മാരെ മെഡിക്കല്‍ കോളജുകളിലേക്ക് നിയോഗിക്കാനാണ് നീക്കം.