ബിയജിംഗ്: കൈയിൽ പണമില്ലാതെ ചെന്ന്​ ചിരിച്ചുകാണിച്ചാൽ റസ്​റ്റോറൻ്റുകളിൽ നിന്ന്​ ഭക്ഷണം കിട്ടില്ലെന്ന്​ ഇനി പറയരുത്​. വെളുക്കെ ചിരിച്ചുനൽകിയാലും ഭക്ഷണം ലഭിക്കുന്ന കാലം വന്നുതുടങ്ങി. കെൻ്റകി ഫ്രൈഡ്​ ചിക്കൻ (കെ.എഫ്​.സി) തന്നെ ഇൗ സൗകര്യം ഒരുക്കിയാലോ. ചൈനയിലെ ഹാങ്​സുവിലാണ്​ ഒരു ചിരികൊണ്ട്​ ഭക്ഷണം കഴിക്കാൻ കഴിയുന്ന ഷോപ്പ്​ നിലവിൽ വന്നത്​.

ചിരി മാത്രം പോര, അക്കൗണ്ടിൽ പണവും കൂടെ വേണമെന്ന്​ മാത്രം. ഉപയോക്​താവി​ൻ്റെ മുഖം സ്​കാൻ ചെയ്യുന്നതോടെയാണ്​ പണം അടക്കാൻ വഴിയൊരുങ്ങുന്നത്​. ‘സ്​മൈൽ ടു പേ’ പദ്ധതി ഷോപ്പിൻ്റെ ആരോഗ്യലക്ഷ്യ​ത്തോടെയുള്ളതും യുവതലമുറയെ ആകർഷിക്കാനുമുള്ള പദ്ധതി കൂടിയാണ്​. ചൈനയിലെ വലിയ റസ്​റ്റോറൻ്റ്​ ശൃംഖലയായ യും ചൈനക്ക്​ 7685ൽ അധികം ഒൗട്ട്​ ലെറ്റുകളാണുള്ളത്​. ഇതുവഴി അവർ കെ.എഫ്​.സി ബ്രാൻ്റ്​ ഭക്ഷണങ്ങളും വിൽക്കുന്നുണ്ട്​.

മുഖം സ്​കാൻ ചെയ്യുന്നതോടെ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക്​ ഒാർഡർ നൽകാനാകുന്നു. ക​മ്പൈൻഡ്​ 3ഡി ക്യാമറയാണ്​ ഇതിനായി ഉപയോഗിക്കുന്നത്​. വഞ്ചനക്കുള്ള സാധ്യത ഇല്ലാതാക്കാൻ ഇത്​ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിരിക്കും. ഇടപാടി​ൻ്റെ ഫോ​ട്ടോയും വീഡിയോയും സൂക്ഷിക്കുകയും ​ചെയ്യും. സീസൺ അനുസരിച്ചുള്ള മെനുവാണ്​ ഷോപ്പിൽ പിന്തുടരുന്നത്​. റോസ്​റ്റഡ്​ ചിക്കനും മെനുവിൽ ഉണ്ട്​. ജ്യൂസ്​, കോഫി, ചായ തുടങ്ങിയ പാനീയങ്ങളും ലഭ്യം.