ജ്യോതിയുടെ കല്യാണം കഴി‍ഞ്ഞു; വരൻ രാജ്കുമാർ; ദല്ലാൾ ഫേസ്ബുക്ക് മാട്രിമോണി

First Published 13, Jun 2018, 2:59 PM IST
jyothi kg from malppuram got married with the help of facebook matrimony
Highlights
  • തുണയായത് ഫേസ്ബുക്ക് മാട്രിമോണി 
  • വിവാഹം കഴിഞ്ഞിട്ടില്ല; വരനെ ആവശ്യമുണ്ട്
  • മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പോസ്റ്റിട്ടത്

മലപ്പുറം: ഇന്നായിരുന്നു ജ്യോതിയുടെ കല്യാണം. വരൻ തമിഴ്നാട് പൊലീസിൽ ഉദ്യോ​ഗസ്ഥനായ രാജ്കുമാർ. രാവിലെ പത്ത് മണിക്ക് കൽകിപുരി ശിവക്ഷേത്രത്തിൽ വച്ചായിരുന്നു ഏറ്റവും ലളിതമായ ചടങ്ങുകൾ നടന്നത്. ഈ കല്യാണത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. മലപ്പുറം എലവണ്ണപ്പാറ സ്വദേശിനിയായ ജ്യോതി തനിക്കൊരു കൂട്ട് വേണമെന്ന് ആദ്യം പറഞ്ഞത് ഫേസ്ബുക്കിനോടാണ്. ജാതിയോ മതമോ പ്രശ്നമല്ലെന്ന് പറഞ്ഞ്,  കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജ്യോതി ഫേസ്ബുക്കിലൊരു പോസ്റ്റിട്ടു. 

''എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളുടെ അറിവിൽ ഉണ്ടെങ്കിൽ അറിയിക്കുക. ഡിമാന്റുകൾ ഇല്ല, ജാതി പ്രശ്നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാൻ ഫാഷൻ ഡിസൈനിം​ഗ് പഠിച്ചിട്ടുണ്ട്.''  നൂറ് കണക്കിന് ആൾക്കാരാണ് ഇത് കണ്ട് ജ്യോതിയുടെ ഫോണിലേക്ക് വിളിച്ചത്. ആ കോളുകളിലൊന്നായിരുന്നു പൊലീസുകാരനായ രാജ്കുമാറിന്റേത്. തമിഴ്നാട് ബർ​ഗൂർ സ്വദേശിയാണ് രാജ്കുമാർ. ഇരുവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

കൂട്ടു കൂടാൻ മാത്രമല്ല രണ്ടുപേരെ ജീവിതത്തിൽ ഒന്നിപ്പിക്കാനും ഫേസ്ബുക്കിന് കഴിയുമെന്ന് ഇതോടു കൂടി ബോധ്യമായിട്ടുണ്ട്. ഒരുപക്ഷേ ഫേസ്ബുക്കിലൂടെ കല്യാണമാലോചിക്കുന്ന കേരളത്തിലെ ആദ്യത്തെ പെൺകുട്ടിയാണ് ജ്യോതി എന്ന് വേണമെങ്കിൽ പയാം. അച്ഛനും അമ്മയും ഇല്ലാതായ ഈ പെൺകുട്ടി സഹോദരങ്ങളുടെ പിന്തുണയോടെയാണ് ഇത്തരമൊരു കാര്യത്തിന് ഫേസ്ബുക്കിനെ കൂട്ടുപിടിച്ചത്. ഇതിന് മുമ്പ് രഞ്ജിഷ് മഞ്ചേരി എന്ന ചെറുപ്പക്കാരൻ തന്റെ പങ്കാളിയെ കണ്ടെത്തിയതും ഫേസ്ബുക്കിലൂടെയായിരുന്നു. അതായത് ഫേസ്ബുക്ക് മാട്രിമോണി എന്ന ആശയം തുടങ്ങിവച്ചതും പ്രാവർത്തികമാക്കിയതും ആരെന്ന് ചോദ്യത്തിന് രഞ്ജിഷ് എന്ന് ഉത്തരം പറയാം. ഇക്കാര്യത്തിൽ രഞ്ജിഷിന്റെ ഉപദേശവും തനിക്ക് ലഭിച്ചതായി ജ്യോതി പറയുന്നു. ഏപ്രിൽ 18 നായിരുന്നു  പ്രൊഫഷണൽ‌ ഫോട്ടോ​ഗ്രാഫറായ രഞ്ജിഷിന്റെ വിവാഹം.  അധ്യാപികയായ സരി​ഗമയെ ആണ് രജ്ഞിഷിന് വധുവായി ലഭിച്ചത്. 

മാധ്യമങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞ് കൊണ്ടാണ് വിവാഹ വാർത്ത അറിയിക്കുന്ന ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരുപാട് കല്യാണാലോചനകൾ വന്നിട്ടും പല കാരണങ്ങൾ കൊണ്ട് നടക്കാതിരുന്ന സാഹചര്യത്തിലാണ് ജ്യോതി ഫേസ്ബുക്കിനെ ആശ്രയിച്ചത്. അതെന്തായാലും വെറുതെയായില്ല എന്ന് ജ്യോതി സന്തോഷത്തോടെ പറയുന്നു. ഫാഷൻ ഡിസൈനിം​ഗ് കോഴ്സ് കഴിഞ്ഞയാളാണ് ജ്യോതി. എന്തായാലും ഫേസ്ബുക്ക് മാട്രിമോണി എന്ന ആശയം ധൈര്യമായി പരീക്ഷിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ജ്യോതിയും, രഞ്ജിഷും. ര‍ഞ്ജിഷ് തന്നെയാണ് ജ്യോതിയുടെ വിവാഹ ഫോട്ടോകളും എടുത്തിരിക്കുന്നത്. 

loader