മുന്‍ മന്ത്രി കെ ബാബുവിനെതിരെയുള്ള അനധികൃത സ്വത്തുകേസിന്‍റെ അന്വേഷണം തേനിയിലേക്ക്. തേനി ജില്ലയില്‍ നടത്തിയിട്ടുള്ള ഭൂമി ഇടപാടുകളെക്കുറിച്ചും ഇതിന് പിന്നിലുള്ളവരെക്കുറിച്ചും നേരിട്ട് അന്വേഷിക്കുകയാണ് ഉദ്ദേശ്യം. ബാബുവിന്‍റെ പെണ്‍മക്കളുടെ പേരിലുള്ള ലോക്കറുകള്‍ ഇന്ന് തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചേക്കും.

തേനി ജില്ലയിലെ മയിലാടും പാറ വില്ലേജില്‍ നടത്തിയ നാല് ഭൂമി ഇടപാടുകളുടെ രേഖകളാണ് കെ ബാബുവിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്. കറുകുറ്റി സ്വദേശി പി എ ബേബിയുടേയം ബാബുവിന്‍റെ മരുമകന്‍റെ കുടുംബത്തിന്‍റെയും പേരിലാണ് ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഭൂമി ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നാണ് ബാബു വിശദീകരിച്ചതെങ്കിലും ബിനാമി ഇടപാടാണെന്ന വിശ്വാസത്തിലാണ് വിജിലന്‍സ് അന്വേഷണം മുന്നോട്ടുപോകുന്നത്. തമിഴില്‍ തയ്യാറാക്കിയ ആധാരങ്ങള്‍ പരിശോധിച്ച് ഇവര്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തുകയാണ് ആദ്യ നടപടി. ഇതിനായിആധാരങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യും. നിരവധി പേര്‍ ഗ്രൂപ്പായാണ് ഭൂമി കൈമാറിയിരിക്കുന്നത്. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ താമസിയാതെ വിജിലന്‍സ് സംഘം തേനിയിലെത്തും. സബ് രജിസ്ട്രര്‍ ഓഫീസിലെ രേഖകളുടെ ഒത്തുനോക്കി പിടിച്ചെടുടത്ത ആധാരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തും. മരുമകന്‍റെ കുടുംബം ബാങ്ക് വഴിയാണ് പണം കൈമാറിയതെന്നാണ് ബാബുവിന്‍റെ വിശദീകരണം. ബാങ്ക് രേഖകള്‍ പരിശോദിച്ച് പണത്തിന്‍റെ യഥാര്‍ഥ ഉറവിടം കണ്ടെത്തും. ഇതിനുള്ള നടപടികളും വിജിലന്‍സ് തുടങ്ങിക്കഴിഞ്ഞു. ബാബുവിന്‍റെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരം നല്‍കിയവരില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയും. ഇപ്പോള്‍ കണ്ടെത്തിയവരല്ലാതെ ബിനാമികളായി കൂടതല്‍ പേരുണ്ടോ എന്നും പരിശോധിക്കും. വന്‍കിട ബിസിനസ് സ്ഥാപനങ്ങളില്‍ ബാബുവിന് നിക്ഷേപം ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ കണ്ടെത്താന്‍ റെയ്ഡില് കഴിഞ്ഞിട്ടില്ല. ഇതിനായി വരും ദിവസങ്ങളില്‍കൂടുതല്‍ പരിശോധന ഉണ്ടാകും. പെണ്‍മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകളുടെ വിശദാംശങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ താമസിയാതെ ഈ ബാങ്കുകളിലെത്തി ഈ ലോക്കറുടെ തുറന്ന് പരിശോധിക്കുമെന്ന് അന്വേഷണ വൃത്തങ്ങള്‍‌ അറിയിച്ചു.