പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്കിലിയ സമുദായ അംഗങ്ങളെ അധിക്ഷേപിച്ച് കെ ബാബു എം.എല്‍.എ. ചക്കിലിയര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്ന് എം.എല്‍.എ ആരോപിച്ചു. അംബേദ്കര്‍ കോളനിയില്‍ കഴിഞ്ഞ ദിവസം സി.പി.എം സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തിലാണ് എം.എല്‍.എ വിവാദ പരാമര്‍ശം നടത്തിയത്. 

ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്കിലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ചക്കിലിയരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിനു ശേഷം അവര്‍ കോളനിയിലെ ക്ഷേത്രത്തില്‍ തന്നെയാണ് ഉണ്ടുറങ്ങുന്നത്. ഇതേക്കുറിച്ചു ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, മദ്യപിക്കാന്‍ വേണ്ടിയാണ് ഇവര്‍ ക്ഷേത്രത്തില്‍ കഴിയുന്നത് എന്നാണ് കെ. ബാബു എം.എല്‍.എയുടെ ആരോപണം. തങ്ങളെ വഴി നടക്കാന്‍ അനുവദിക്കുന്നില്ലെന്നും വെള്ളമെടുക്കാന്‍ അനുവദിക്കില്ലെന്നുമൊക്കെ പറയുന്നവര്‍ വൈകുന്നേരം അതേ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് മദ്യപിക്കാനാണ് ക്ഷേത്രത്തില്‍ കഴിയുന്നതെന്ന് ബാബു ആരോപിച്ചു. ഇക്കാര്യം വാര്‍ത്തയാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമങ്ങളെയും ബാബു രൂക്ഷമായി വിമര്‍ശിച്ചു.

അംബേദ്കര്‍ കോളനിയില്‍ അയിത്തമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണ്. സി.പി.എം ജാതീയതക്കെതിരെ പോരാടിയ പ്രസ്ഥാനമാണ്. പാവപ്പെട്ട തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെ. ബാബു ആരോപിച്ചു. അംബേദ്കര്‍ കോളനിയില്‍ ചക്കിലിയ വിഭാഗത്തിന് നേരെ അയിത്തം എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആണ് സി.പി.എം ഇവിടെ രാഷ്‌ട്രീയ വിശദീകരണ യോഗം നടത്തിയത്. മുന്‍ എം.എല്‍.എ ടി ചാത്തു, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ചിന്നക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ഏരിയ സെക്രട്ടറി എം ചന്ദ്രന്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു.