കെ എം മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫിനോട് വിരോധമില്ലെങ്കിലും യുഡിഎഫിലേക്ക് മടങ്ങാനില്ലെന്ന് കെ എം മാണി പറഞ്ഞു. കെ എം മാണിയെ സ്വാഗതം ചെയ്തത് യുഡിഎഫിന്‍റെ പാപ്പരത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണനും പ്രതികരിച്ചു.

കെ എം മാണി മടങ്ങിവന്ന് യുഡിഎഫ് നേതൃനിരയില്‍ പ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിക്കുള്ള കെ എം മാണിയുടെ പിന്തുണ നല്ല സൂചനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ എം മാണി യുഡിഎഫിന്‍റെ ഭാഗമാണെന്നായിരുന്നു കെ മുരളീധരന്‍ എംഎല്‍എയുടെ പ്രതികരണം.

ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ ജയിക്കണമെങ്കില്‍ കെ എം മാണിയുടെ സഹായം വേണമെന്നുള്ളതുകൊണ്ടാണ് മാണിയെ സ്വാഗതം ചെയ്യുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്‍ണന്റെ ആക്ഷേപം.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസ് എം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.