പൊലീസ് നടപടി എന്തിന് വേണ്ടിയാണ് എന്ന്  മനസിലാകുന്നില്ലെന്ന് കെ.പി ശശികല. ഭക്തരെ പേടിപ്പിച്ച് അകറ്റാന്‍ ശ്രമിക്കുന്നു. അസൗകര്യങ്ങള്‍ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശശികല

പമ്പ: പൊലീസ് നടപടി എന്തിന് വേണ്ടിയാണ് എന്ന് മനസിലാകുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി ശശികല. പൊലീസ് ഭക്തരെ പേടിപ്പിച്ച് അകറ്റാന്‍ ശ്രമിക്കുന്നു. അസൗകര്യങ്ങള്‍ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞു. 

അയ്യപ്പദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല. കനത്ത പൊലീസ് കാവലിലാണ് ശശികല സന്നിധാനത്തേക്കെത്തിയത്. ദര്‍ശനം നടത്തി ആറ് മണിക്കൂറിനകം സന്നിധാനത്ത് നിന്ന് മടങ്ങണമെന്ന് ശശികലയോട് നേരത്തേ എസ്പി നിര്‍ദേശിച്ചിരുന്നു.

സുരക്ഷയുടെ ഭാഗമായി പൊലീസ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന വ്യവസ്ഥയില്‍ ഒപ്പ് വയ്പിച്ച ശേഷം മാത്രമാണ് ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ അനുമതി നല്‍കിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമപ്രകാരം നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും, സ്ഥലത്ത് പ്രാര്‍ത്ഥനായജ്ഞങ്ങള്‍, മാര്‍ച്ച്- മറ്റ് ഒത്തു കൂടലുകള്‍ നടത്തരുതെന്നും ആവശ്യപ്പെടുന്ന നോട്ടീസിലാണ് ശശികലയെ കൊണ്ട് ഒപ്പുവയ്പിച്ചത്. 

രാവിലെ നിലയ്ക്കലില്‍ വച്ചാണ് പൊലീസ് ശശികലയെ തടഞ്ഞത്. എന്നാല്‍ പേരക്കുട്ടിയുടെ ചോറൂണിനായി സന്നിധാനത്തേക്ക് വരികയാണെന്നും കടത്തിവിടണമെന്നും ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വ്യവസ്ഥകളോടെ ഇവരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനമായത്.