പീഡനക്കേസിലെ പ്രതിയായ ജയന്തനെതിരായ പാ‍ര്‍ട്ടി നടപടി വിശദീകരിക്കുമ്പോഴാണ് മുന്‍ സ്‌പീക്കര്‍ കൂടിയായ കെ.രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ രാധാകൃഷ്ണന്റെ വിശദീകരണം തേടും. സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടും. കമ്മീഷന്റെ സമ്പൂര്‍ണ യോഗമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. പീഡനത്തിനിരയായ സ്‌ത്രീയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

വടക്കാഞ്ചേരി-എറണാകുളം സംഭവങ്ങളിലെ സി.പി.എം സ്വീകരിച്ച സംഘടനാ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്ന് വി.എം സുധീരന്‍ പറഞ്ഞു. രാധാകൃഷ്ണനെതിരെ അന്വേഷണം വേണമെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസി‍ഡന്റ് കുമ്മനം രാജശേഖരന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. എന്നാല്‍ രാധാകൃഷ്ണനെതിരെ കേസെടുക്കന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുത്തിട്ടില്ല.