കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പിടിയിലായ പ്രതികള്‍ ഡമ്മിയല്ലെന്ന് കെ. സുധാകരന്‍. സാക്ഷികള്‍ തിരിച്ചറിഞ്ഞാല്‍ അതാണ് അവസാന വാക്കെന്നും ഇതുവരെയുളള പൊലീസ് നടപടി ശരിയാണെന്നും കെ. സുധാകരന്‍ പ്രതികരിച്ചു. 

വെള്ളിയാഴ്ച നടന്ന തിരിച്ചറിയൽ പരേഡിലാണ് കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞത്. ആകാശ് തില്ലങ്കേരിയേയും റിജില്‍ രാജിനേയുമാണ് തിരിച്ചറിഞ്ഞത്. ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരടക്കം മൂന്ന് സാക്ഷികൾ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ എത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് തിരിച്ചറിയൽ പരേഡ് നടത്തിയത്.

കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം.