തിരുവനന്തപുരം:ഡിജിപി സ്ഥാനത്തു നിന്ന് വിരമിച്ച ടി.പി.സെന്‍കുമാറിനെ പുകഴ്‌ത്തി ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്.സെൻകുമാർ തന്റെ സർവീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടിയതെന്നും സുരേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. രാഷ്ട്രിയ പ്രവേശന സാധ്യത തള്ളിക്കളയുന്നില്ലെന്ന് സെന്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
സെൻകുമാർ തൻറെ സർവീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടിയത്. അതിൻറെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതും. ഇപ്പോൾ അദ്ദേഹം സർവതന്ത്രസ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്. ഇരു മുന്നണികളുടെയും ഭരണം നേരിട്ടുകണ്ടിട്ടുള്ള ആളാണ് അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും അദ്ദേഹം നേരിട്ടു കണ്ടതുമാണ്.
ശിഷ്ടജീവിതം അദ്ദേഹത്തിന് ഈ നെറികേടുകൾക്കെതിരെ പോരാടാനുള്ള വലിയൊരവസരമാണ് തുറന്നിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കിരൺബേദിയുടെയും സത്യപാൽ സിംഗിൻറെയും മററും പാത അദ്ദേഹത്തിന് പിൻതുടരാവുന്നതേയുള്ളൂ. കേരളജനത അതു കാത്തിരിക്കുന്നു എന്നതാണ് സത്യം.
